താമരശ്ശേരി: മുപ്പത്തിനാലു വർഷത്തെ സേവനം പൂർത്തിയാക്കി താമരശ്ശേരി ട്രാഫിക് എസ് ഐ സലിം ഈ മാസം 31 ന് പോലീസ് സ്റ്റേഷൻ്റെ പടിയിറങ്ങുന്നു. 1988 ആഗസ്റ്റ് മാസം ഒന്നാം തിയ്യതിയാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. താമരശ്ശേരിയിൽ ട്രാഫിക് എസ് ഐ ആയി ജോലിയിൽ പ്രവേശിച്ചിട്ട് ഇത് മൂന്നാം വർഷമാണ്.
കോഴിക്കോട്- ബാംഗ്ലൂർ ദേശീയ പാതയിൽ ഗതാഗത കുരുക്കും അപകടങ്ങളുമായി പൊറുതിമുട്ടിയപ്പോൾ കാക്കിയും ധരിച്ച് സലീം എസ് ഐ യുടെ നേതൃത്വത്തിൽ പോലീസുദ്യോഗസ്ഥർ റോഡു നന്നാക്കാനായി ഇറങ്ങിയത് മുഖ്യധാര മാധ്യമങ്ങളിലടക്കം വാർത്തയാവുകയും, കേരളമാകെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു, പൊടിപിടിച്ചു കിടന്നിരുന്ന റോഡരികിലെ ട്രാഫിക് സൂചനാ ബോർഡുകൾ എസ്.ഐ തുടച്ചു വൃത്തിയാക്കുന്നത് ആളുകൾ കൗതുകത്തോടെയും, ആകാംശയോടെയും നോക്കി നിന്നിരുന്നു.
പോലീസ് ജോലിയുടെ തുടക്കം കുറിച്ചത് എറണാകുളം റൂറലിലായിരുന്നു, പിന്നീട് വടകര, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, മുക്കം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മാറി മാറി ജോലി ചെയ്തു.മൊത്തം സേവന കാലത്തിലെ എട്ടുവർഷത്തോളം താമരശ്ശേരിയിൽ തന്നെ പോലീസായും, എസ് ഐയായും ഉണ്ടായിരുന്നു. ആറു വർഷമാണ് എസ് ഐ ആയി സേവനമനുഷ്ടിച്ചത്.
ട്രാഫിക് എസ് ഐ ആയിരിക്കെ റോഡിലെ കുഴികൾ നികത്താനും, അപകടങ്ങൾ കുറക്കുന്നതിനുമായി നടപടി ആവശ്യപ്പെട്ട് കരാറുകാരും, ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഉത്തരവാദിത്വപ്പെട്ടവർ മുഖം തിരിഞ്ഞു നിന്നപ്പോഴാണ് കാക്കിയുടുത്ത് റോഡ് നന്നാക്കാൻ രംഗത്ത് ഇറങ്ങിയത്.
താമരശ്ശേരിയിലെ ഏറെക്കാലത്തെ സേവനത്തിനിടക്ക് ആരുടേയും വെറുപ്പ് സംബാധിക്കാതെ എല്ലാവരോടും സൗഹൃദപരമായി പെരുമാറുകയും, ജോലിയിൽ ആത്മാർത്ഥത കാണിക്കുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നു സലീം. സർവീസ് കാലയളവിൽ യാതൊരു വിധ ശിക്ഷാ നടപടിയും ഏറ്റുവാങ്ങേണ്ടതായും വന്നിട്ടില്ല. സേവന കാലാവധി പൂർത്തിയായതിനെ തുടർന്ന് ഈ മാസം 31നാണ് വിരമിക്കുന്നത്.സേവന കാലയളവിൽ ഒരുപാട് രസകരമായ അനുഭവങ്ങൾ ഉണ്ടായതായി സലിം പറഞ്ഞു.
സാജിതയാണ് ഭാര്യ. റാഷിന, മുഹമ്മദ് റാഷിക്, കാദർ റിയാസ് എന്നിവർ മക്കളാണ്.ജനനം കൊടുവള്ളി കരുവൻ പൊയിലിൽ ആണെങ്കിലും ഇപ്പോൾ താമസം ആർ ഇ സി ക്ക് സമീപം മലയമ്മയിലാണ്.