Trending

'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം.

'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമദ് റിയാസ് നിര്‍വഹിച്ചു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക അതുവഴി സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

യുവജനസംഘടനകള്‍ പദ്ധതി ഏറ്റെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍തന്നെ സുരക്ഷിത ഭക്ഷണത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടിരിക്കുന്ന വീടുകളും, റസിഡന്‍സ് അസോസിയേഷനുകളും ഗ്രാമങ്ങളുമുണ്ട്. ഉത്പാദനം വര്‍ധിപ്പിച്ച് കേരളത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് കൃഷിവകുപ്പിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. സാങ്കേതികവിദ്യകളും കൃഷിരീതികളും പദ്ധതികളും കര്‍ഷകരിലേക്കെത്തിക്കണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ സമയബന്ധിതമായി ചെയ്തു കൊടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പുതുതലമുറക്ക് പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കേണ്ട ആവശ്യകതയെക്കുറിച്ച് മേയര്‍ സംസാരിച്ചു. ശരിയായ പച്ചക്കറിയുടെ രുചിയും മണവും തിരിച്ചറിഞ്ഞ് വളരാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും മേയര്‍ പറഞ്ഞു.  

ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കര്‍ഷകനായ ചന്ദ്രനെ മന്ത്രി ആദരിച്ചു. സംസ്ഥാനതല കര്‍ഷക അവാര്‍ഡ് ജേതാക്കളെ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന കലാജാഥ കേഴിക്കോട് കോര്‍പറേഷന്‍ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഒ.പി. ഷിജിന ഫ്‌ളാഗ് ഓഫ് ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പ്രതിജ്ഞ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബി.ജെ. സീമ സദസിന് ചൊല്ലിക്കൊടുത്തു. പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടന്നു.

കേരള സീഡ് ഡെവലപ്മെന്റ് അതോറിറ്റിയിലെ കൃഷി അഡീ. ഡയറക്ടര്‍ എലിസബത്ത് പുന്നൂസ് പദ്ധതി വിശദീകരിച്ചു. കേരളത്തിലാകെ 10,000 ഹെക്ടര്‍ ജൈവകൃഷി, 10,000 കൃഷി കൂട്ടങ്ങള്‍, 140 ഹരിത പോഷക കാര്‍ബണ്‍ തൂലിത ഗ്രാമങ്ങള്‍, ഒരുലക്ഷം തൊഴില്‍ദിനങ്ങള്‍ തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. പഞ്ചായത്തു തലത്തിലും വാര്‍ഡ് തലത്തിലും കൃഷി കൂട്ടങ്ങള്‍ രൂപവത്കരിച്ച് ഉത്പാദനം, സംഭരണം, വിപണനം, മൂല്യവര്‍ധന എന്നിവ ശക്തിപ്പെടുത്തും. കര്‍ഷകന്റെ വരുമാനം കൂട്ടുക, മണ്ണ്, ജല, ജൈവസമ്പത്തുകളെ സംരക്ഷിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.

ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും കാര്‍ഷിക വികസന സമിതി അംഗങ്ങളും കര്‍ഷകരും പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സപ്ന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right