Trending

റിഫ മെഹ്നുവിന്റെ മരണം കൊലപാതകമെന്ന് സംശയം; പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന്

കോഴിക്കോട്: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗെർ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമെന്ന് സംശയം. റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന സംശയം ഉയരുന്നത്. പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. വിശദമായ വിവരങ്ങൾ രണ്ട് ദിവസത്തിനകം പൊലീസിന് കൈമാറും.

റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മോർട്ടം ചെയ്യാനായി മൃതദേഹം പുറത്തെടുത്തത്. ദുബൈയിൽ നിന്നും പോസ്റ്റുമോർട്ടം നടത്താതെയായിരുന്നു മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. പോസ്റ്റുമോർട്ടം കഴിഞ്ഞയുടനെ തന്നെ മൃതദേഹം വീണ്ടും സംസ്‌കരിച്ചു. റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെങ്കിൽ അതിനിടയാക്കിയ സാഹചര്യം എന്തായിരുന്നുവെന്നാണ് ഇനി വ്യക്തമാകേണ്ടത്. കേസിന്റെ തെളിവെടുപ്പിനും മറ്റുമായി അന്വേഷണം ദുബൈയിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.കഴുത്തിലെ ആഴത്തിലുള്ള അടയാളമാണ് റിഫയുടെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടാക്കുന്നത്.

കോഴിക്കോട് തഹസിൽദാരുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ പൂർത്തീകരിച്ചത്.സബ് കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആർഡിഒ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുമതി നൽകിയത്. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ച് ശനിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

മാർച്ച് ഒന്നിന് പുലർച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു. റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്തെത്തിയിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ഭർത്താവ് മെഹ്നാസിന് എതിരെ കേസെടുത്തിരുന്നു.
ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ചതായി കുടുംബം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചത്.

റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചിരുന്നത്. പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ കേസന്വേഷണത്തിൽ നിർണായകമാണ്.
റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിൻറെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു.

റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ഭർത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Previous Post Next Post
3/TECH/col-right