Trending

ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ :ജൂൺ ഒന്നിന് പ്രവേശനോത്സവം.

സംസ്ഥാനത്ത് വരുന്ന അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 27ന് ആരംഭിക്കും.സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും.കോവിഡ് കാലത്ത് പുറത്തിറക്കിയ 'തിരികെ സ്‌കൂളിലേക്ക്' എന്ന മാർഗരേഖ പാലിച്ചാകും പ്രവേശനോത്സവമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

2017 - 18 മുതൽ 2021 - 22 വരെയുള്ള അധ്യയന വർഷങ്ങളിലായി സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ പുതുതായി 9,34310 വിദ്യാർഥികൾ പുതുതായി പ്രവേശനം നേടിയെന്നു മന്ത്രി ചൂണ്ടിക്കാട്ടി.  

കലകായികമായ അറിവുകൾ വിദ്യാർഥികൾക്കു പകർന്നുനൽകാൻ അധ്യാപകരെ പര്യാപ്തരാക്കുംവിധം പ്രത്യേക പരിശീലന പരിപാടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കും. മേയ് രണ്ടാമത്തെ ആഴ്ച മുതൽ അവസാനത്തെ ആഴ്ചവരെയാകും പരിശീലനം. ഇതിന്റെ മൊഡ്യൂൾ തയാറാക്കാൻ എസ്.സി.ഇ.ആർ.ടിയുടെ റിസോഴ്സ് ഗ്രൂപ്പിൽപ്പെട്ട 150 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഇവർ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പിൽപ്പെട്ട തൊള്ളായിരത്തിലധികം അധ്യാപകർക്കു പരിശീലനം നൽകും. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ അധ്യാപകർ ജില്ലകളിലെ 6,200 പേർക്കു പരിശീലനം നൽകും. 

തുടർന്ന് ലോവർ പ്രൈമറി വിഭാഗത്തിൽപ്പെട്ട 58,000 അധ്യാപകർക്കും അപ്പർ പ്രൈമറി വിഭാഗത്തിൽപ്പെട്ട നാൽപ്പതിനായിരത്തിലധികം അധ്യാപകർക്കും ഹൈസ്‌കൂൾ വിഭാഗത്തിൽപ്പെട്ട 44000ൽപ്പരം അധ്യാപകർക്കും പരിശീലനം നൽകും. 

അധ്യാപക പരിശീലനത്തിനുള്ള ക്രമീകരണങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. ഇതിനായുള്ള ഓൺലൈൻ ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റം കൈറ്റ് തയാറാക്കുന്നുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ, ഷെഡ്യൂളിങ്, അറ്റൻഡൻസ്, ബാച്ച് തിരിക്കൽ, പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് തയാറാക്കൽ തുടങ്ങിയവയും പരിശീലനത്തിന്റെ ഫീഡ് ബാക്ക് ശേഖരിക്കുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തിയാകും പോർട്ടൽ തയാറാക്കുന്നത്. 

ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ 1,34,000 അധ്യാപകർക്കാണു പരിശീലനം നൽകുന്നത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്കു പ്രത്യേകം പരിശീലനം നൽകും.

സ്‌കൂൾ തുറക്കും മുൻപേ പാഠപുസ്തകങ്ങൾ നൽകും.

സ്‌കൂളുകൾ തുറക്കുന്നതിനു മുൻപുതന്നെ എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകങ്ങൾ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 

ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പൂർത്തിയായി. ഇവ വിവിധ ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. 288 വിഭാഗങ്ങളിലായി 2,84,22,066 പാഠപുസ്തകങ്ങളാണു വിതരണത്തിനു തയാറായിട്ടുള്ളത്. ജില്ലാ ഹബ്ബുകൾക്കു ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങൾ സ്‌കൂൾ സൊസൈറ്റികൾവഴി വിദ്യാർഥികൾക്കു നൽകും. 

സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കു പുറമേ തുക അടച്ച് അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകൾക്കും പാഠപുസ്തകങ്ങൾ വാങ്ങാം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28നു രാവിലെ പത്തിന് കരമന ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 
Previous Post Next Post
3/TECH/col-right