Trending

വിഷന്‍ 2025; ബിരിയാണി ചലഞ്ചുമായി പൂനൂര്‍ ജി.എം.യു.പി സ്‌കൂൾ



വിഷന്‍ 2025 സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള പ്രാദേശിക വിഭവ സമാഹരണത്തിന് ബിരിയാണി ചലഞ്ചുമായി പൂനൂര്‍ ജി.എം.യു.പി സ്‌കൂള്‍.അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്ന പൂനൂര്‍ ജി.എം.യു.പി സ്‌കൂള്‍  2025ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണമാണ് ബിരിയാണി ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.

ഈ മാസം  22 ന് ചൊവ്വാഴ്ച നടത്തുന്ന പരിപാടിയിലൂടെ 15 ലക്ഷം രൂപ സ്വരൂപിക്കാനാണ്  ലക്ഷ്യമിടുന്നത്. ബിരിയാണി തയ്യാറാക്കുന്നതിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും.

പത്രങ്ങളും മാസികകളും പുസ്തകങ്ങളും വായിക്കാനായി അക്ഷരപ്പുര, പ്രകൃതിയോടിണങ്ങി പഠിക്കാനായി ജൈവവൈവിധ്യ ഉദ്യാനം, നിലവിലുള്ള ഓഡിറ്റോറിയത്തിന്റെയും കമ്പ്യൂട്ടര്‍ ലാബിന്റെയും നവീകരണം, ക്ലാസുകളും കലാപരിപാടികളും റെക്കോര്‍ഡ് ചെയ്യാനുള്ള റെക്കോര്‍ഡിംഗ് സ്റ്റുഡിയോ, ഫുട്‌ബോള്‍ വോളിബോള്‍ മത്സരങ്ങള്‍ക്കും മറ്റുമായി നിലവിലുള്ള ഗ്രൗണ്ടിന്റെ നവീകരണം, സ്‌കൂള്‍ മുറ്റത്തെ ബാഡ്മിന്റണ്‍ കോര്‍ട്ട് ഫ്‌ലഡ്‌ലിറ്റ് സൗകര്യമൊരുക്കല്‍, കായിക പ്രതിഭകളെ കണ്ടെത്താനും പരിശീലനം ഉറപ്പു വരുത്താനുമായി സ്‌പോര്‍ട്‌സ് അക്കാദമി, സുഗമമായ വൈദ്യുതി വിതരണത്തിന് ജനറേറ്റര്‍/ ഇന്‍വര്‍ട്ടര്‍, ത്രീ ഫേസ് കണക്ഷന്‍, സ്‌കൂളിനോട് ചേര്‍ന്നുള്ള തോട് ഉപയോഗപ്പെടുത്തി നീന്തല്‍ക്കുളം, സ്‌കൂളും പരിസരവും നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി തുടങ്ങി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ധനസമാഹരണം ലക്ഷ്യമിട്ടാണ് ബിരിയാണി ചലഞ്ച്  സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി നാസർ എസ്റ്റേറ്റ് മുക്ക് (ചെയർമാൻ), അജി മാസ്റ്റർ (വർക്കിംഗ് ചെയർമാൻ), ടി.സി രമേശൻ മാസ്റ്റർ (ജന.കൺവീനർ), ഹെഡ്മാസ്റ്റർ  ഇ.ശശീന്ദ്രദാസ് (വർക്കിംഗ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ (ട്രഷറർ) ആയി വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
Previous Post Next Post
3/TECH/col-right