ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഒരെണ്ണം ഒരു മാസത്തിനു ശേഷം 45 ദിവസത്തേക്ക് അടച്ചിടുമെന്ന് ദുബായ് എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ അറിയിച്ചു. മെയ് ഒമ്പത് മുതല്‍ ജൂണ്‍ 22 വരെയാണ് നവീകരണത്തിന്റെ ഭാഗമായി വടക്കു ഭാഗത്തുള്ള റണ്‍വേ പൂര്‍ണമായി അടച്ചിടുക. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കൂടുതല്‍ മികവുറ്റാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുമെങ്കിലും നിലവിലെ ചില സര്‍വീസുകള്‍ ജബല്‍ അലിയിലെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ടിലേക്ക് (അല്‍ മക്തൂം എയര്‍പോര്‍ട്ട്) മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒന്നാം റണ്‍വേയിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇതനുസരിച്ച് വിമാനങ്ങളുടെ സര്‍വീസ് സമയങ്ങളിലും മാറ്റം വരും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇവിടെ നിന്നും സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികളെയും അറിയിച്ചിട്ടുണ്ട്. അതിനനുസൃതമായി സര്‍വീസ് സമയക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇവിടെ വാഹന പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ടിലെയും എല്ലാ ടെര്‍മിനലുകളിലേക്കും 30 മിനിറ്റ് ഇടവിട്ട് ബസ് സര്‍വിസ് നടത്തുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അറിയിച്ചു.
റണ്‍വേ നവീകരിണത്തിനായി അടച്ചിടുന്ന പശ്ചാത്തലത്തില്‍ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ് തങ്ങളുടെ 34 കേന്ദ്രങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ദുബായ് സെന്‍ട്രല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊച്ചി, കോഴിക്കോട്, കൊല്‍ക്കത്ത, ലക്‌നൗ, ഡല്‍ഹി, മുംബൈ, അഹ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ബഹ്‌റൈന്‍, ജിദ്ദ, കറാച്ചി, മസ്‌ക്കറ്റ്, റിയാദ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് പൂര്‍ണമായും ദുബായ് സെന്‍ട്രലിലേക്ക് മാറ്റുക. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണിതെന്നും ഫ്‌ളൈ ദുബായ് പറഞ്ഞു.
അവസാന നിമിഷം വിമാനത്താവളം മാറി യാത്ര മുടങ്ങുന്ന സ്ഥിതിയുണ്ടാവുന്നത് ഒഴിവാക്കാന്‍ യാത്രയ്ക്കു മുമ്പ് യാത്ര പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന എയര്‍പോര്‍ട്ട് ഏതാണെന്ന് ശരിയായ രീതിയില്‍ മനസ്സിലാക്കി വയ്ക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Tags:
INTERNATIONAL