കൊടുവള്ളി: ഒരുപ്രദേശത്തിന്റെ ഉൾതുടിപ്പുകൾ തന്റെ ജീവിത ചവിട്ടുപടികളിൽ ചെലുത്തിയ സ്വാധീനങ്ങൾ, കണ്ട കാഴ്ചകൾ, വസ്തുതകൾ, വ്യക്തികൾ, സാമൂഹിക- രാഷ്ട്രീയ ചലനങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന പുസ്തകവുമായി 85കാരനായ കോതൂർ മുഹമ്മദ് മാസ്റ്റർ. കൊടുവള്ളിയുടെ കഥ എന്റേയും എന്നുപേരിട്ട പുസ്തകം 26ന് കൊടുവള്ളി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് മാധ്യമ പ്രവർത്തകൻ എൻ.പി. ചെക്കൂട്ടി പ്രകാശനം ചെയ്യും.
കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ വളര്‍ച്ചയും തളര്‍ച്ചയും വിസ്തരിക്കുന്ന ഈ പുസ്തകത്തിന് ഇന്ന് സവിശേഷമായ പ്രസക്തിയുണ്ട്. പതിറ്റാണ്ടുകളോളം കൊടുവള്ളിയുടെ പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന കോതൂർ മുഹമ്മദ് അധ്യാപകൻ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലുള്ള തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തുക മാത്രമല്ല, ഒരുദേശത്തിന്റെ ഉയർച്ച ആവേശപൂർവം നോക്കിക്കാണുകകൂടി ചെയ്യുന്ന രചനയാണ് കൊടുവള്ളിയുടെ കഥ എന്റേയും എന്ന ഈ കൃതി.
ജീവിതാനുഭവമായി എഴുതിയ ഈ പുസ്തകത്തിൽ പരാമർശിക്കുന്ന എല്ലാ സംഭവങ്ങളിലും അദ്ദേഹം പങ്കാളിയാണ്.മറ്റു പലതിന്റേയും സാക്ഷിയാണ്.
കൊടുവള്ളി നാടിന്റെ പ്രാദേശിക ചരിത്രംകൂടി രേഖപ്പെടുത്തുന്ന പുസ്തകമായതിനാൽ ചരിത്രാന്വേഷികൾക്കും പുസ്തകം ഉപകാരപ്രദമാവും. ഈ പുസ്തകത്തിന് ഗ്രന്ഥകാരന്റെ ചിരകാലസുഹൃത്തും കേരളത്തിലെ സാംസ്കാരികരംഗത്തെ നിറസാന്നിധ്യവുമായ ഡോ. എം.എൻ. കാരശ്ശേരിയാണ് അവതാരിക എഴുതിയത്. കോഴിക്കോട് വചനം ബുക്സാണ് പ്രസാധകർ. കൊടുവള്ളി സൗഹൃദക്കൂട്ടായ്മ സംഘടിപ്പിക്കുന്ന ചടങ്ങിൽ സി.പി. കുഞ്ഞിമുഹമ്മദ് പുസ്തകം ഏറ്റുവാങ്ങും.
Tags:
KODUVALLY