മക്ക:ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നടപടികൾ പരിഷ്കരിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പരിഷ്കരിച്ച നടപടിക്രമങ്ങൾ അനുസരിച്ചുള്ള പ്രവേശനം ബുധനാഴ്ച പുലർച്ചെ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പരിഷ്കരിച്ച നടപടികളുടെ ഭാഗമായാണ് ഉംറ തീർത്ഥാടകരുടെയും പ്രവേശന നടപടികൾ പരിഷ്കരിച്ചത്.
രാജ്യത്തേക്ക് വരുന്ന തീർത്ഥാടകർ, പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ തന്നെ, അംഗീകൃത പിസിആർ പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊറോണ വൈറസിനുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (കൊവിഡ്-19 ആന്റിജൻ ടെസ്റ്റ്) ഫലമോ കയ്യിൽ കരുതണം. രാജ്യത്തേക്ക് പുറപ്പെടുന്ന തീയതി മുതൽ 48 മണിക്കൂറിനുള്ളിൽ എടുത്ത ഫലമായിരിക്കണം കരുതേണ്ടത്.
പരിഷ്കരിച്ച നടപടിക്രമങ്ങൾ 2022 ഫെബ്രുവരി 9 ന് അഥവാ ഹിജ്റ 1443 റജബ് 8 ന് ബുധനാഴ്ച പുലർച്ചെ 1 മണി മുതൽ പ്രാബല്ല്യത്തിൽ വരും.
തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.അടുത്ത ബുധനാഴ്ച മുതൽ രാജ്യത്തേക്കുള്ള യാത്രാ നടപടിക്രമങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞ ദിവസം വിമാന കമ്പനികൾക്ക് സർക്കുലർ നൽകിയിരുന്നു.
Tags:
INTERNATIONAL