Trending

ഇതാണ് ഒരു ടീച്ചർക്ക് ലഭിക്കുന്ന യഥാർത്ഥ അംഗീകാരം.

ക്ലാസ് ടീച്ചർ സ്കൂളിൽ നിന്നും പ്രമോഷൻ ട്രാൻസ്ഫറായി മറ്റൊരു സ്കൂളിൽ ജോയിൻ ചെയ്യുന്നു. മാസങ്ങൾക്ക് ശേഷം ആദ്യം പഠിപ്പിച്ചിരുന്ന സ്കൂളിലെ ക്ലാസ് പി.ടി.എ ഒരു യാത്രയയപ്പ് യോഗം ഒരുക്കുന്നു. അവധി ദിനമായിട്ടും ആ യോഗത്തിൽ ഭൂരിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും ക്ലാസ് അധ്യാപകരും വളരെ താൽപര്യപൂർവ്വം പങ്കെടുക്കുന്നു. യാത്രയയപ്പ് യോഗം മാസങ്ങൾ വൈകാൻ കാരണം ലോകത്തെ കീഴടക്കിയ കോവിഡ് പ്രതിസന്ധി. അതിനെയും മറികടക്കുന്ന ഈ ആവേശം പ്രിയപ്പെട്ട ക്ലാസ് ടീച്ചറോടുള്ള സ്നേഹമല്ലാതെ മറ്റെന്താണു്. 

 
ക്ലാസ് പി.ടി.എ യുടെ പരിപാടി അറിയിച്ചപ്പോൾ തിരക്കുകൾക്കിടയിലെ അവധി ദിനത്തിലും ഓടിയെത്തി സൈറ മിസ്സ് സ്കൂളിൽ നടത്തിയ പാഠ്യേതര പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്ന എച്ച്. എം. അനിൽ സാർ, ആയിരക്കണക്കിന് പുസ്തക ശേഖരമുള്ള സ്കൂൾ ലൈബ്രറിയെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൈറമിസ്സിൻ്റെ പ്രതിബദ്ധതയാണ് സീനിയർ അസിസ്റ്റൻ്റ് ലത്തീഫ് സാറിന് പറയാനുണ്ടായിരുന്നത്. 

ഔപചാരിക തുടക്കത്തിനു ശേഷം രക്ഷിതാക്കളുടെ അവസരം. ഇതു പോലെ കുട്ടികളെ മാത്രമല്ല രക്ഷിതാക്കളെയും പരിഗണിച്ച ഒരു ടീച്ചറെ ഇതുവരെ കണ്ടിട്ടില്ലെന്ന സാക്ഷ്യപ്പെടുത്തൽ. ഓരോരുത്തർക്കും പറയാനുള്ളത് വ്യത്യസ്ത അനുഭവസാക്ഷ്യങ്ങൾ.

ഇനി കുട്ടികൾക്കെന്തെങ്കിലും പറയാനുണ്ടോ എന്ന അധ്യക്ഷൻ്റെ ചോദ്യത്തിന് ആവേശത്തോടെ ചാടി എഴുന്നേറ്റ് വന്ന് ക്ലാസ് ടീച്ചറെ കുറിച്ചുള്ള നല്ല വാക്കുകൾ പറഞ്ഞു കൊണ്ടിരിക്കുന്ന പിഞ്ചു കുട്ടികൾ. സഭാ കമ്പം വാക്കുകളെ മായ്ക്കുമ്പോൾ അതിനെയും മറികടന്ന് സ്നേഹം വാക്കുകളായി പിഞ്ചുഹൃദയങ്ങളിൽ നിന്നും വഴിഞ്ഞൊഴുകുകയായിരുന്നു. 
സൈറമിസ്സിൻ്റെ മറുപടി പ്രസംഗത്തിനു മുൻപായി സംസാരിച്ച കോയ സാർ ടീച്ചറുടെ മറ്റൊരു മുഖം അനാവരണം ചെയ്യുകയായിരുന്നു. കുട്ടികളുടെ വീട്ടകങ്ങളിലെ നീറുന്ന ഒരു പാട് കുടുംബ പ്രശ്നങ്ങൾ കോയ സാറോടൊപ്പം നിന്ന് തന്മയത്വത്തോടെ പരിഹരിച്ച ഒരു സൈക്കോളജിസ്റ്റിൻ്റെതായിരുന്നു ആ മുഖം. സൈക്കോളജിയിൽ ഉൾപ്പടെ മൂന്ന് സബ്ജക്ടുകളിൽ പോസ്റ്റ് ഗ്രാജ്വേഷനുള്ള ടീച്ചർക്ക് അതെല്ലാം ഒരു യഥാർത്ഥ ടീച്ചറുടെ ജീവിതത്തിൻ്റെ ഭാഗം മാത്രം.
 
സ്നേഹാശ്രു പൊഴിച്ച് കൊണ്ട് തുടങ്ങിയ സൈറ മിസ്സിൻ്റെ മറുപടി പ്രസംഗം വികാരനിർഭരമായിരുന്നു.രാഷ്ട്രപതിയിൽ നിന്നും  അധ്യാപക പുരസ്കാരം ലഭിക്കുന്നവർക്കുള്ള തിനേക്കാൾ വലിയ നിർവൃതിയാണ് നിങ്ങളിൽ നിന്നും ലഭിച്ച ഈ അംഗീകാരത്തിൽ നിന്നും അനുഭവിക്കുന്നതെന്ന് അവർ പറഞ്ഞു. കുട്ടികൾക്ക് നൽകാൻ നിറയെ സമ്മാനങ്ങളുമായാണ് ടീച്ചർ പരിപാടിക്കെത്തിയത്. അധ്യാപക വിദ്യാർത്ഥിബന്ധത്തിൻ്റെ ഒരു പുതിയ തലത്തിലേക്കാണ് ഈ ചടങ്ങ് ഞങ്ങളെയെല്ലാം കൊണ്ടെത്തിച്ചത്.അനുകരണീയമായ ഒരു മഹാ മാതൃക.

എഴുതിയത്:സക്കരിയ ചുഴലിക്കര.
Previous Post Next Post
3/TECH/col-right