ലോകത്ത് മറ്റൊരിടത്തുമില്ലാത്ത ദുരവസ്ഥയാണ് സംസ്ഥാനത്തെ കെഎസ്ആർടിസി ജീനക്കാർ അനുഭവിക്കുന്നത്. ഡിസംബർ മാസം 17 ആയിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് ജീവനക്കാർ.ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെയും അർപ്പണ ബോധമുള്ള ഒരു മാനേജ്മെന്റിന്റെയും അഭാവത്തിൽ കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്ന തൊഴിലാളികൾ പലരുടെയും വായ്പകൾ മുടങ്ങി.
നിത്യവൃത്തിക്ക് പോലും കയ്യിൽ പണമില്ലാത്ത അവസ്ഥ. കൈയിൽ പണമില്ലാത്തതുകൊണ്ടു മാത്രം ദിവസങ്ങളായി സ്വന്തം കുടുംബത്തിലേക്ക് പോകാതെ മക്കളെ ഞെഞ്ചോട് ചേർക്കാതെ അമ്മയെയോ ഭാര്യയെയോ കാണാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ് ഓരോരുത്തരും. പരസ്പരം കടം വാങ്ങി ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കേണ്ടി വരുന്ന ഗതികേട്. പലരും ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുമ്പോഴും അംഗീകൃത യൂണിയനുകൾ പോലും പ്രതിഷേധവുമായി മുന്നോട്ട് വരുന്നില്ല.
തൊഴിലാളി സർക്കാർ എന്നു മേനിപറയുന്നവർ കഴിഞ്ഞ പത്ത് വർഷം മുമ്പ് നടത്തേണ്ടിയിരുന്ന ശമ്പള പരിഷ്കരണം തൊഴിലാളികളുടെ ശക്തമായപ്രതിഷേധങ്ങളിൽ എനിയുംപിടിച്ച് നിൽക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി ജനുവരിയിൽ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച് തടിയൂരിയിരിക്കുകയാണ്. ചരിത്രത്തിലാദിമായി ബെയ്സിക്കിനൊപ്പം ഒരു ശതമാനം പോലും ക്ഷാമബത്തയില്ലാതെ, പെൻഷൻ പരിഷ്കരണം ഇല്ലാതെ,2006 മുതൽ തൊഴിലാളികൾക്ക് മുൻകാല പ്രാപല്യം കിട്ടേണ്ടത് നൽകാതെ, 2019 മുതൽ നൽകും എന്നത് പോലും അട്ടിമറിച്ച്, 155 ശതമാനം ലഭിക്കേണ്ട DA 137 ശതമാനമാക്കി വെട്ടിക്കുറച്ച്, പരമാവധിഗ്രാറ്റുവിറ്റി പത്തു ലക്ഷമാക്കി ചുരുട്ടി കെട്ടി, സർവ്വീസ് വെയിറ്റേജ് പോലും ഇല്ലാത്ത ആദ്യത്തെ ശമ്പള പരിഷ്കരണം.
തൊഴിലാളികളുടെ നിസ്സഹയാവസ്ഥ മുതലെടുത്ത് ശബരിമല മണ്ഡലകാലത്ത് ഒരു അനിശ്ചിത കാല സമരമുണ്ടായാൽ അത് ഗവൺമെൻ്റിന് ചീത്തപ്പേരുണ്ടാക്കും എന്ന് മനസ്സിലാക്കിയ മന്ത്രി അംഗീകൃത യൂണിയനുകളെ കൂട്ടുപിടിച്ച് തൊഴിലാളികൾക്കവകാശപ്പെട്ട ശമ്പള പരിഷ്കരണം തങ്ങളുടെ ഔദാര്യം കൊണ്ട് തരുന്നത് പോലെ ജനുവരിയിൽനടപ്പാക്കും എന്ന് പറയുമ്പോൾ തന്നെ ഇത് വിശ്വാസി ത്തിലെടുക്കാൻ അംഗീകൃത യൂണിയൻ അടിമകളല്ലാത്ത സാധാരണ തൊഴിലാളികൾ തയ്യാറല്ല.കാരണം നിയമസഭ തിരഞ്ഞെടുപ്പിൽ കെഎസ്ആർടിസി തൊഴിലാളികളുടെയും കുടുംബത്തിൻ്റെയും വോട്ട് കിട്ടാൻ വേണ്ടി കഴിഞ്ഞ ജൂൺ മാസം ഒന്നാം തിയ്യതി മുതൽ ശമ്പള പരിഷ്കരണം നിലവിൽ വരും എന്ന് പറഞ്ഞ് തൊഴിലാളികളെ വഞ്ചിച്ച മുഖ്യമന്ത്രി പോലും പറഞ്ഞ വാക്ക് പാലിക്കാൻ തയ്യാറായിട്ടില്ല.
പ്രതിപക്ഷ സംഘടനകൾ സമരം പ്രഖ്യാപിച്ചാൽ ശമ്പളം കിട്ടിയില്ലങ്കിലും പ്രശ്നമില്ല അത് പൊളിക്കുന്നതിന് വേണ്ടി തങ്ങളുടെ യൂണിയൻ്റെ അടിമകളായ തൊഴിലാളികളെ നിർബന്ധിച്ച് ഡ്യൂട്ടി ചെയ്യിപ്പിക്കുന്ന വിരോധാഭാസമാണ് കണ്ട് കൊണ്ടിരിക്കുന്നത്.
ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് സംഘടനയ്ക്ക് മുകളിലല്ല തൊഴിലാളികളുടെ കണ്ണീരും കഷ്ടപ്പാടും എന്നാണ്. എത്ര കൊടിയ പട്ടിണിയിൽ ആണെങ്കിലും സംഘടനക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ശബ്ദമുയർത്താൻ ആകില്ലെന്ന് അവർ നിശബ്ദമായി പറയുന്നു.
” ശമ്പളം കിട്ടുന്നില്ല പക്ഷെ ഞങ്ങൾക്ക് ആർക്കും പരാതിയില്ല , ഞങ്ങൾ ആരും പരസ്പരം ഒന്നും പറയാറില്ല .. അങ്ങോട്ടുമിങ്ങോട്ടും കടം വാങ്ങിയാണ് കഴിയുന്നത്, പട്ടിണിയിലും സ്വന്തം പ്രസ്ഥാനത്തെ കാക്കാൻ നെട്ടോട്ടമോടുന്ന ചില നിർഭാഗ്യ ജന്മങ്ങൾ , അതാണ് കെഎസ്ആർടിസി ജീവനക്കാരുടെ ജീവിത മിപ്പോൾ, ജീവനൊടുക്കിയാൽ മാത്രം നീതി ലഭിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഒരു കെആർടിസി ജീവനക്കാരന്റെയും ജീവൻ പൊലിയാതിരിക്കട്ടെ. എന്ന് നമുക്ക് പ്രാർത്ഥിക്കാം
ഡിസംബർ പതിനേയായിട്ടും ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകണം എന്ന് പോലും ഗവൺമെൻ്റോ മാനേജ്മെൻൻ്റൊ ചിന്തിക്കുന്നില്ല, 26,000ത്തോളം ജീവനക്കാരാണ് നിലവിൽ കോർപ്പറേഷനിലുള്ളത്. ഇത്രയും കുടുംബങ്ങൾ തങ്ങളുടെ നിത്യവൃത്തിക്ക് വകയില്ലാത്ത സാഹചര്യത്തിലാണ്.
കഴിഞ്ഞ ഒരുമാസം ജോലി ചെയ്ത ശമ്പളത്തിനായി ഈ മാസം 17 ദിവസമായിട്ടും കാത്തിരിക്കേണ്ട ഗതികേടിലുള്ളത്.
നിത്യജീവത്തിന് വക കണ്ടെത്തുക എന്നത് മാത്രമല്ല, കെ എസ് ആർ ടി സി ജീവനക്കാർ ശമ്പളം വൈകുന്നതിലൂടെ നേരിടുന്ന പ്രശ്നങ്ങൾ. വൈദ്യുതി ബിൽ ഉൾപ്പെടെ ബാങ്ക് ലോണും കെ എസ് എഫ് ഇ ചിട്ടിയും സഹിതം സകല തിരിച്ചടവുകളും വരുന്നത് മാസത്തിലെ ആദ്യ പത്ത് ദിവസത്തിനുള്ളിലാണ്. അഞ്ചാം തീയതി ലോൺ അടവ് മുടങ്ങിയാൽ എസ് ബി ഐ ഉൾപ്പെടെ ചെക്ക് ബൗൺസാകുന്നതിന് പ്രത്യേക ചാർജ്ജ് ഈടാക്കും ഇത്തരത്തിൽ ആയിരം രൂപയാണ് തവണ അടവ് മുടങ്ങുന്നത് വഴി കെഎസ്ആർടിസി ജീവനക്കാർക്ക് നഷ്ടമാകുന്നത്.
സിവിൽ സ്കോറിൽ ഏറ്റവും ഒടുവിലെത്തുന്നവരായി കെഎസ്ആർടിസി ജീവനക്കാർ മാറുകയാണ്. ലോൺ യഥാസമയം തിരിച്ചടക്കാൻ ശേഷിയില്ലാത്തവർ എന്നാണ് ഇപ്പോൾ ബാങ്കുകാരും കെഎസ്ആർടിസി ജീവനക്കാരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു ഭവന വായ്പ പോലും ലഭിക്കാത്ത സാഹചര്യമാണ് ഈ ജീവനക്കാർക്ക്.
ഒൻപതാം തീയതി ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിനെ നിസ്സാരവൽകരിച്ച് ഗതാഗത മന്ത്രി സംസാരിച്ചിരുന്നു. ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് ഉറപ്പുനല്കിയപ്പോഴും ശമ്പളം എപ്പോൾ നൽകുമെന്ന് വ്യക്തമാക്കാതെയായിരുന്നു അന്നത്തെ മന്ത്രിയുടെ വാർത്താസമ്മേളനം. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 9 തീയതി ആയിട്ടും നൽകിയില്ലല്ലോ എന്ന ചോദ്യത്തിന് അന്ന് മന്ത്രി നൽകിയത് അമ്പരപ്പിക്കുന്ന മറുപടിയായിരുന്നു. ഈ മാസം 9 അല്ലെ ആയുള്ളൂ ഇനിയും 21 ദിവസമുണ്ടല്ലോ എന്നായിരുന്നു മന്ത്രിയുടെ വിചിത്ര മറുപടി. അപ്പോഴിതാ മാസം പകുതി കഴിഞ്ഞിരിക്കുന്നു. തൊഴിലാളികളുടെ പാർട്ടി ഭരിക്കുന്ന സർക്കാർ ഇന്നും തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടില്ല. ഇനി കെഎസ്ആർടിസി എന്ന വിഭാഗത്തെ തൊഴിലാളികൾ എന്ന ഗണത്തിൽ പെടുത്താത്തതാണോ എന്നും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.
മറ്റു സർക്കാർ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കുറവാണെന്നു മന്ത്രി പറഞ്ഞു. സർക്കാർ തീരുമാനം അംഗീകരിക്കാൻ സംഘടനകൾക്കും മാനേജ്മെന്റിനും ബാധ്യതയുണ്ടെന്നും വ്യക്തമാക്കിയ മന്ത്രി ശമ്പളം എന്ന് തരും എന്ന് പറയുന്നില്ല, വിഷയം അറിഞ്ഞതായേ ഭാവിക്കുന്നില്ല. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പല വാഗ്ദാനങ്ങളും നൽകി എന്നാല്ലാതെ ഒന്നു പോലും പ്രവർത്തിച്ച് കാണിച്ചില്ല. പാവപ്പെട്ട വൻ്റെ അത്താണിയായ കെഎസ് ആർടിസിയെ നശിപ്പിച്ച് തൊഴിലാളികളെ വെറുപ്പിച്ച് പൊതുജനങ്ങളെ വഞ്ചിച്ച് സ്വകാര്യ മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന ഗതാഗത മന്ത്രി തൊഴിലാളികളുടെ ശമ്പളം എല്ലാമാസവും യഥാസമയം വിതരണം ചെയ്യാൻ തയ്യാറാവണമെന്നും കെഎസ്ആർടിസിയെ ഡിപ്പാർട്ട്മെൻ്റാക്കി ഏറ്റെടുത്ത് തൊഴിലാളികളെയും സാധാരണക്കാരുടെ യാത്രാമാർഗത്തിനുള്ള അഭയമായ കെഎസ്ആർടിയെയും രക്ഷിക്കണമെന്ന് കെ എസ്ടിഇഒ (എസ് ടി യു ) സംസ്ഥാന കമ്മറ്റി ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു,,
Tags:
KERALA