Trending

അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കിയ നടപടി പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി; ബെംഗളൂരുവിൽ രണ്ട് സൗത്ത് ആഫ്രിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നു

ന്യൂഡെൽഹി: കൊവിഡിൻ്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുട‍ർന്ന് വിളിച്ചു ചേ‍‍ർത്ത അവലോകന യോ​ഗത്തിൽ ജാ​ഗ്രത ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു.

അപകടകാരിയായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്നും ഇന്നത്തെ അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങൾ പുതിയ വൈറസിനെതിരെ ജാഗരൂകരാകണമെന്നും വാക്സിൻ സെകൻഡ് ഡോസ് വേഗത്തിലാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേ സമയം സൗത്ത് ആഫ്രിക്കയടക്കമുള്ള വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒമിക്രോൺ തീവ്രമായി പകരുന്ന വാർത്തക്കിടെ സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പേർക്ക് ബംഗളൂരു എയർപോർട്ടിൽ കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നുണ്ട്.

ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് ഒമിക്രോൺ വേരിയന്റ് ബാധിച്ചിട്ടുണ്ടോയെന്ന് കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ വ്യക്തമാക്കുമെന്ന് ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.

പരിശോധനാ ഫലം വരാൻ 48 മണിക്കൂർ കൂടി എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇരുവരെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്, പുതിയ വേരിയന്റിനെക്കുറിച്ച് അവരുടെ പരിശോധനാ ഫലങ്ങൾ സ്ഥിരീകരിക്കുന്നത് വരെ അവർ അവിടെ തുടരും.

അന്താാരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീങ്ങി വാണിജ്യ ടൂറിസ മേഖലകൾ തിരികെ വരുന്നതിനിടയിലാണ് പുതിയ വകഭേദം വലിയ ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
Previous Post Next Post
3/TECH/col-right