കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധയും ജലജന്യ രോഗങ്ങളും ഫലപ്രദമായി തടയാന്‍ 'ഓപ്പറേഷന്‍ വിബ്രിയോ' എന്ന പേരില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 'ഓപ്പറേഷന്‍ വിബ്രിയോ' കര്‍മ്മ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. മലിനമായ ആഹാരത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, കോളറ, ഷിഗെല്ല, അമീബിയാസിസ്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ പ്രതിരോധിക്കാനും ഇവ മൂലമുളള രോഗാതുരതയും മരണവും തടയാനുമാണ് 'ഓപ്പറേഷന്‍ വിബ്രിയോ' എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
2021 ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുളള കാലയളവില്‍ രണ്ട് ഷിഗെല്ല ബാധയുള്‍പ്പടെ 17 ഭക്ഷ്യ വിഷബാധകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 257 പേര്‍ക്ക് രോഗബാധയുണ്ടാവുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. കുടുംബപരമായ ചടങ്ങുകള്‍, വിവാഹ സല്‍ക്കാരങ്ങള്‍, ഹോസ്റ്റലുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ നിന്നുളള ഭക്ഷണം എന്നിവയിൽ കൂടിയും ഐസ്‌ക്രീം, സിപ് അപ്, ജൂസുകള്‍ മുതലായവ വഴിയും രോഗം പിടിപെട്ടിട്ടുണ്ട്. കുടിവെള്ള പരിശോധനകളില്‍ ഇ.കോളി, കോളി ഫോം, വിബ്രിയോ കോളറ എന്നിവയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
'ഓപ്പറേഷന്‍ വിബ്രിയോ'യുടെ ഒന്നാം ഘട്ടം നവംബര്‍ 23 മുതല്‍ ഒരാഴ്ചക്കാലമാണ്. ഈ ഘട്ടത്തില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ സമഗ്രമായ കുടിവെളള ഉറവിട സര്‍വ്വെ, സൂപ്പര്‍ ക്ലോറിനേഷന്‍, ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കും. സംശയാസ്പദമായ കുടിവെള്ള ഉറവിടങ്ങളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ ശാസ്ത്രീയമായി ശേഖരിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഹോസ്റ്റലുകള്‍, വിവാഹങ്ങള്‍ ഉള്‍പ്പടെയുളള സല്‍ക്കാരങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധിക്കും.
വാര്‍ഡ് തലം മുതല്‍ ആരോഗ്യ ശുചിത്വ നടപടികള്‍ ശക്തമാക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാര്‍ എന്നിവര്‍ക്ക് ഓരോ വാര്‍ഡിന്റെയും ചുമതലകള്‍ നല്‍കി. പൊതു ഭക്ഷണ പരിപാടികള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഭക്ഷണ ശാലകള്‍ മുതലായവ കുടിവെളള പരിശോധന നിര്‍ബന്ധമായും നടത്തണം. ഐസ്‌ക്രീം, സിപ് അപ്, ജൂസ്, സോഡ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധമായും കുടിവെളള പരിശോധന നടത്തണം.
രണ്ടാംഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും 'ഓപ്പറേഷന്‍ വിബ്രിയോ' പദ്ധതി നടപ്പിലാക്കും. ഇതിനുളള ആസൂത്രണം ജില്ലയില്‍ ആരംഭിച്ചു. ഇതിനായി ജില്ലയിലെ മുഴുവന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെയും യോഗം ചേര്‍ന്നു. ഓരോ സാമൂഹിക ആരോഗ്യ കേന്ദ്രവും വിശദമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡി.എം.ഒ അറിയിച്ചു.
Tags:
KOZHIKODE