എല്ലാ ജലജന്യ രോഗങ്ങളും ഗൗരവതരമാണ്. സാധാരണ വയറിളക്കം മുതല്‍ കോളറ വരെയുള്ളവക്കെതിരെ എല്ലാവിഭാഗം ജനങ്ങളും അതീവ ജാഗ്രത പാലിക്കണം. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കമാണ് കോളറ. പുതുതായി രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളില്‍ പലപ്പോഴും പ്രായപൂര്‍ത്തിയായവരെയാണ് ഇത് ബാധിക്കുക.
രോഗ പകര്‍ച്ച നീണ്ടു നില്‍ക്കുന്ന പ്രദേശങ്ങളില്‍ കുഞ്ഞുങ്ങളിലാണ് ഈ രോഗം കൂടുതലായി കാണാറുള്ളത്. രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ മാസങ്ങളോളം രോഗം പകര്‍ത്താന്‍ കഴിവുള്ള രോഗ വാഹകരെയും അപൂര്‍വ്വമായി കാണാറുണ്ട്. മലിനീകരിക്കപ്പെട്ട വെള്ളവും ആഹാരവും വഴിയാണ് സാധാരണയായി രോഗപ്പകര്‍ച്ച സംഭവിക്കുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാം.
നാലുതരം ശുചിത്വങ്ങള്‍ പാലിക്കണം
1. ആഹാര ശുചിത്വം: ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ച് സൂക്ഷിക്കുക. പഴകിയതും മലീമസമായതുമായ ആഹാരം കഴിക്കാതിരിക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക.
2. ശുദ്ധമായ കുടിവെള്ളം: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. വെള്ളം എപ്പോഴും അടച്ച് സൂക്ഷിക്കുക. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക, കിണറിന് ചുറ്റുമതില്‍ കെട്ടുക, ഇടക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. കുടിവെള്ള പദ്ധതികളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
3. വ്യക്തി ശുചിത്വം: ആഹാരം കഴിക്കുന്നതിനു മുമ്പും മല വിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക. കൈയിലെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക.
4. പരിസര ശുചിത്വം: തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക. കക്കൂസില്‍ മാത്രം മലമൂത്ര വിസര്‍ജ്ജനം നടത്തുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക. വീടിന്റെ പരിസരത്ത് ചപ്പു ചവറുകള്‍ കുന്നുകൂടാനും അഴുക്ക് വെള്ളം കെട്ടിനില്‍ക്കാനും അനുവദിക്കരുത്.
Tags:
HEALTH