Trending

വിദേശ തീര്‍ഥാടകര്‍ക്ക് ഉംറക്ക് ഇനി നേരിട്ട് പെര്‍മിറ്റ് എടുക്കാം; മൊബൈല്‍ ആപ്പിലൂടെ, അറിയേണ്ടതെല്ലാം

റിയാദ്: വിദേശത്തു നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങളൊരുക്കി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും മക്കയിലെയും മദീനയിലെയും പുണ്യ ഗേഹങ്ങളില്‍ പ്രവേശിക്കാനും വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്വന്തം നിലക്ക് ഇവയ്ക്ക് പെര്‍മിറ്റ് എടുക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കിയിരിക്കുന്നത്.

ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. സൗദിയിലെത്തിയ ശേഷം ഈ ആപ്പുകള്‍ വഴി പെര്‍മിറ്റ് സ്വന്തമാക്കാം. വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് സൗദിയിലെ ഉംറ ഏജന്‍സികള്‍ വഴിയായിരുന്നു നേരത്തെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ഇനി ഈ ഇടനിലക്കാരുടെ ആവശ്യമില്ലാതെ തന്നെ ഇവയ്ക്കുള്ള പെര്‍മിറ്റ് സ്വന്തമാക്കാം. ഈ സേവനം ലഭ്യമാകുന്നതിനായി ഈ രണ്ട് ആപ്പുകളും നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വീണ്ടും അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി സഹകരിച്ചാണ് പുതിയ ഇലക്ട്രോണിക് സേവനം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇവര്‍ വിവരങ്ങള്‍ ഖുദൂം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മാത്രമേ രണ്ട് ആപ്ലിക്കേഷനുകള്‍ വഴി പെര്‍മിറ്റ് എടുക്കാന്‍ സാധിക്കുകയുള്ളൂ.

സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കാണ് യാത്രാനുമതി ഉള്ളത്. ഉംറ തീര്‍ഥാടനത്തിന് പുറമെ, മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവാചകന്റെ ഖബറിടമായ റൗദയിലും പ്രവേശിക്കുന്നതിനും ഇതുവഴി പെര്‍മിറ്റ് എടുക്കാം.
Previous Post Next Post
3/TECH/col-right