Trending

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ദുരുദ്ദേശ്യപരം: പോപുലര്‍ ഫ്രണ്ട്

മുസ്‌ലിം സമുദായ സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.എസിക്കു വിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ നിലവില്‍ മുസ്‌ലിം സമുദായത്തിനു ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സാഹചര്യമാണ് പുതിയ നിയമനിര്‍മ്മാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടാക്കാട്ടി.

വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനായി രാജ്യത്ത് നിലവിലുള്ള സംവിധാനമെന്ന നിലയില്‍ അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. എന്നാല്‍ അതിനായി സ്വീകരിക്കുന്ന നടപടികളില്‍ മുസ്‌ലിം സമുദായത്തിന്റെ താല്‍പ്പര്യം പരിപൂര്‍ണമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രം ഉള്‍പ്പെടുത്തി നിയമന ലിസ്റ്റ് തയ്യാറാക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ പി.എസ്.എസിയുടെ ചട്ടങ്ങള്‍ പ്രകാരം പ്രസ്തുത വ്യവസ്ഥ നിലനിൽക്കില്ല. അതുകൊണ്ടു തന്നെ മുസ്‌ലിംകള്‍ക്കു മാത്രമായി നിയമനം നടത്താനുള്ള വ്യവസ്ഥ കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാന്‍ ഇത് വഴിതുറക്കും. 

ആരാധനാലയങ്ങള്‍ അടക്കം മുസ്‌ലിം വഖഫ് സ്വത്തുക്കളുടെ മേല്‍ ഹിന്ദുത്വ ശക്തികള്‍ അന്യായമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും കടന്നാക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. വഖഫ് സ്വത്തുക്കളുടെ മേല്‍ നിക്ഷിപ്ത താല്‍പ്പര്യത്തോടെ രാഷ്ട്രീയാധികാരം അടിച്ചേല്‍പ്പിക്കാനുള്ള വഴിയാണ് ഇടതുസര്‍ക്കാര്‍ തുറന്നിടുന്നത്. 

പതിനായിരത്തിലധികം തസ്തികകൾ ഉള്ള ദേവസ്വംബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാതെ പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയാണ് ചെയ്തത്. എന്നാൽ 150 ൽ താഴെ തസ്തികകൾ മാത്രമുള്ള വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന സർക്കാരിന്റെ നിലപാട് വിവേചനപരമാണ്. നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കണമെന്ന ബദല്‍ നിര്‍ദ്ദേശം പൂര്‍ണമായി അവഗണിച്ചുകൊണ്ട് നിയമനിര്‍മ്മാണവുമായി മുന്നോട്ടു പോയ സര്‍ക്കാര്‍ നടപടി ദൂരൂദ്ദേശ്യപരമാണ്. 

സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കു മാത്രമായി ആവിഷ്‌കരിച്ച സ്‌കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയതോടെ പുതിയ അവകാശവാദങ്ങള്‍ ഉയര്‍ന്നതും മുസ്‌ലിംകള്‍ക്ക് മാത്രമായി ലഭിച്ചിരുന്ന ആനുകൂല്യം കോടതി വിധിയിലൂടെ നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിന് കേരളം സാക്ഷിയാണ്. ഇക്കാര്യത്തില്‍ വഞ്ചനാപരമായ സമീപനം സ്വീകരിച്ച ഇടതുപക്ഷ സര്‍ക്കാരിനെ വഖഫ്  നിയമനങ്ങളുടെ കാര്യത്തില്‍ വിശ്വാസത്തില്‍ എടുക്കുന്നതിന് പരിമിതികളുണ്ടെന്നും എ അബ്ദുല്‍ സത്താര്‍ കൂട്ടിച്ചേര്‍ത്തു.
Previous Post Next Post
3/TECH/col-right