Trending

അപകട സാധ്യതയുള്ള വ്യാജ ഡീസല്‍ ഉപയോഗം ബസുകളില്‍ വ്യാപകമാകുന്നു; പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്: ഡീസല്‍ വില റെക്കോര്‍ഡില്‍ എത്തിയതോടെ സ്വകാര്യ ബസുകളില്‍ വ്യാപകമായി വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍.കോഴിക്കോടുള്‍പ്പെടെയുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ വ്യാജ ഡീസലുകള്‍ എത്തിക്കുന്ന ഏജന്റുമാര്‍ സജീവമായുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്‍്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ ഇന്നലെ 10 ബസുകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചു. ഇവ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് പരിശോധക്കായി അയച്ചിരിക്കുകയാണ്.

പരിശോധനയില്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ കേസെടുത്ത് അന്വേഷണം നടത്താനും വ്യാജ ഡീസലുകള്‍ എത്തിക്കുന്ന ഏജന്റുമാരെ കണ്ടെത്താനുമാണ് പോലീസ് തീരുമാനം. ഡീസലിന്റെ വിലയേക്കാള്‍ പകുതി വില നല്‍കിയാല്‍ വരെ വ്യാജ ഡീസലുകള്‍ എത്തിക്കാന്‍ ഏജന്റുമാരുണ്ട്. ഇന്ധന വില കുതിച്ചുയരുന്നത് അവസരമാക്കിയാണ് വ്യാജഡീസലുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന വാഗ്ദാനവുമായി ഏജന്റുമാര്‍ എത്തുന്നത്. ഇതോടെ പല ബസുകളിലും ഇവ നിറയ്ക്കുക പതിവായി.

രാത്രിയിലാണ് ഏജന്റുമാര്‍ ബാരലുകളുമായി ബസ് ജീവനക്കാരെ സമീപിക്കുന്നത്. ചെറിയ ബാരലുകള്‍ ബസുകള്‍ക്കുള്ളില്‍ എത്തിക്കുകയും പൈപ്പ് ഉപയോഗിച്ച്‌ ഇന്ധന ടാങ്കിലേക്ക് നിറയ്ക്കുകയുമാണ് ചെയ്യുന്നത്. വേഗത്തില്‍ കത്തിപ്പിടിക്കാവുന്ന ബയോഡീസലാണ് വ്യാജ ഡീസലായി എത്തുന്നത്. നിരവധി യാത്രക്കാരുമായി ദിവസേന സഞ്ചരിക്കുന്ന ബസുകളില്‍ ഇത്തരം ഡീസലുകളുടെ ഉപയോഗം അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. യാത്രയില്‍ ഏതെങ്കിലും ചെറിയ അപകടമുണ്ടായാല്‍ പോലും ഇത് വന്‍ അഗ്‌നിബാധയ്ക്കിടയാക്കും.

ഡീസല്‍ വീല നൂറിലേക്കടുക്കുകയാണ്. എന്നാല്‍ എഴുപത് രൂപയില്‍ താഴെ മാത്രം മതി വ്യാജ ഡീസലിന്. ഇതാണ് റിസ്കെടുത്തും വ്യാജ ഡീസല്‍ വാങ്ങാന്‍ ചില ബസുടമകളെ പ്രേരിപ്പിക്കുന്നത്. ടാറിലുപയോഗിക്കുന്ന ഓയിലും കപ്പലില്‍ നിന്നും ഒഴിവാക്കുന്ന ഓയിലുകളും രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്‌ വ്യാജ ഡീസലാക്കി മാറ്റുകയാണ്. അപകട സാധ്യത മാത്രമല്ല പ്രശ്നം. ഇവ പുറന്തള്ളുന്നത് വിഷപ്പുകയാണ്.

എതാനും ദിവസം മുന്‍പ് പാലക്കാട് സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസുകളില്‍ വ്യാജ ഡീസല്‍ നിറയ്ക്കുന്നതിനിടെ ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെയുള്ള സംഘം പൊലീസ് പിടിയിലായിരുന്നു. പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മൂന്ന് സ്വകാര്യ ബസുകളും അതിലെ ജീവനക്കാരെയുമാണ് രാത്രികാല പരിശോധനയിലുണ്ടായിരുന്ന മലമ്ബുഴ സി.ഐയും സംഘവും കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ച മുന്‍പ് ത്യശ്ശൂര്‍ നഗരത്തില്‍ നിന്നും വാഹനത്തില്‍ കടത്തുകയായിരുന്ന വ്യാജ ഡീസല്‍ ശേഖരം പിടികൂടിയിരുന്നു.

എന്താണ് വ്യാജ ഡീസല്‍ ?

വ്യാജ ഡീസലിനു കപ്പല്‍ ഡീസല്‍, സുനാമി ഡീസല്‍, കൊറോണ ഡീസല്‍ എന്നിങ്ങനെ പല പേരുകളുണ്ട്. കപ്പലുകളുടെ യാത്ര പൂര്‍ത്തിയായതിനു ശേഷം ഇന്ധന ടാങ്കില്‍ ശേഷിക്കുന്ന ഡീസല്‍ ഖരത്വമേറിയ അവസ്ഥയിലേക്കു മാറുമെന്നും ഇവ ഒഴിവാക്കുമ്ബോള്‍ നിസ്സാരവിലയ്ക്കു വാങ്ങി രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തു വില്‍ക്കുന്നതാണു വ്യാജ ഡീസലെന്നും പറയുന്നു. മലിനീകരണം കൂടുതലായിരിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. ദീര്‍ഘകാല ഉപയോഗം വഴി എന്‍ജിനു കാര്യമായ തകരാറുണ്ടാക്കാനും വഴിയൊരുക്കും.

വ്യാജഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പെട്ടെന്നു തീപിടിക്കാന്‍ സാധ്യതയുള്ളതായും പറയപ്പെടുന്നു. പമ്ബുകളിലേക്ക് ടാങ്കറുകള്‍ വഴി ഇന്ധനവിതരണം നടത്തുന്ന ഘട്ടത്തിലും അനധികൃത കൈമാറ്റത്തിനു സാധ്യതകളുണ്ടെന്നു പമ്ബുടമകള്‍ പറയുന്നു. ടാങ്കറിലെ ഇന്ധനത്തിന്റെ അളവില്‍ കൃത്രിമത്തിനു സാധ്യത കൂടുതലുമാണ്.
Previous Post Next Post
3/TECH/col-right