Trending

കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോൾ തിരമാലയിൽപെട്ടു; 11കാരിക്ക് ദാരുണാന്ത്യം.

കോഴിക്കോട്: കുടുംബത്തോടൊപ്പം ഇരിങ്ങൽ ബീച്ചിലെത്തിയപ്പോൾ തിരമാലയിൽപെട്ട് പരുക്കേറ്റ പെൺകുട്ടി മരിച്ചു.മണിയൂർ മുതുവന സ്വദേശിനി സനോമിയ (11) ആണ് മരിച്ചത്. 

കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.കുട്ടിയെ ഉടൻ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. 

ബീച്ചിൽ സനോമിയ അമ്മയോടൊപ്പം നിൽക്കുമ്പോൾ അബദ്ധത്തിൽ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയിൽപെടുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ലാലുവും മുഹമ്മദും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

മിനിഗോവയായി വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് വിനോദസഞ്ചാരത്തിനായി എത്തുന്നത്. കടലും പുഴയും സംഗമിക്കുന്ന ഈ പ്രദേശം കണ്ടൽ ചെടികളാൽ സമൃദ്ധമാണ്. 

ലോക്ഡൗൺ നിയന്ത്രണം അയഞ്ഞതോടെ മറ്റു പ്രദേശങ്ങളിൽനിന്നുപോലും ആളുകൾ എത്തുന്നു.പക്ഷേ ആവശ്യമായ സുരക്ഷാ നടപടികളൊന്നും ഇവിടെയില്ല.ഇതിനായി മുറവിളി ഉയരുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ട് കുട്ടി മരിക്കുന്നത്.
Previous Post Next Post
3/TECH/col-right