Trending

റമ്ബൂട്ടാന്‍ വിപണിയില്‍ നിന്ന് പുറത്തായോ?നിപ ഭീതിയില്‍ പഴവിപണി:കച്ചവടക്കാര്‍ ആശങ്കയില്‍!!

നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കയിലായി പഴക്കച്ചവട മേഖല. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി മാസങ്ങള്‍ മാത്രമായിരിക്കെയാണ് വില്ലനായി നിപ അവതരിക്കുന്നത്.കൂടെ മഴയും. അതേസമയം റമ്ബൂട്ടാന്‍ വിപണിക്കാണ് കൂടുതല്‍ മങ്ങലേറ്റിരിക്കുന്നത്.

ചാത്തമംഗലത്ത് നിപ സ്ഥിരീകരിച്ച്‌ മരിച്ച കുട്ടി റമ്ബൂട്ടാന്‍ കഴിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളികള്‍ റമ്ബൂട്ടാനെ മാറ്റി നിര്‍ത്തിയത്.തരംഗമായിരുന്ന റമ്ബൂട്ടാന്‍ വാങ്ങാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നു. പണം കൊടുത്ത് വാങ്ങിയ റമ്ബൂട്ടാന് ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ നിരവധി കച്ചവടക്കാര്‍ക്കാണ് നഷ്ടം ചുമക്കേണ്ടി വന്നത്.
ഇപ്പോള്‍ ആപ്പിളും പേരക്കയുമാണ് വിപണിയില്‍ സുലഭം. ആയിരങ്ങള്‍ ചിലവഴിച്ച്‌ വാങ്ങുന്ന പഴങ്ങള്‍ കച്ചവടമില്ലാതെ കെട്ടികിടക്കുകയാണ്.

ഓണക്കാലത്ത് കച്ചവടങ്ങള്‍ തകൃതിയായി നടന്നപ്പോള്‍ ആശ്വാസം കണ്ടെത്തിയ ഇവര്‍ ഇപ്പോള്‍ ഓരോ ദിവസവും കുറച്ചെങ്കിലും വിറ്റുപോവണേ എന്ന പ്രാര്‍ഥനയിലാണ്.
'വിശപ്പും ദാഹവുമൊന്നുമല്ല,മക്കളുടെ പഠിത്തം നടക്കണം, നിപ വന്നതോടെ ആളുകള്‍ക്ക് പഴങ്ങള്‍ വേണ്ട, മുന്‍പും നിപ വന്നപ്പോള്‍ അവസ്ഥ ഇത് തന്നെയായിരുന്നു. കൊവിഡ് കാലത്ത് കച്ചവടമില്ലാതെ ആളുകളില്‍ നിന്ന് കടം വാങ്ങിയും വായ്പയെടുത്തുമാണ് ജീവിച്ചിരുന്നത്. ഇനിയിപ്പൊ എന്താവും??' 6 വര്‍ഷമായി വഴിയോരങ്ങളില്‍ പഴക്കച്ചവടം നടത്തുന്ന
സുന്ദരന്‍ പറഞ്ഞു.

മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ പഴങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ട്. റമ്ബൂട്ടാന്‍ മാര്‍ക്കറ്റില്‍ എത്തുന്നുണ്ട് പക്ഷേ ചില്ലറയായി എടുക്കാഞ്ഞിട്ടാണ്, ആവശ്യക്കാരില്ലെന്ന് സുന്ദരന്‍ കൂട്ടിചേര്‍ത്തു. സീസണ്‍ അവസാനിക്കാറായെങ്കിലും ഇവയുടെ വില്‍പ്പന പലരും താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.എന്നാല്‍ വഴിയോരങ്ങളിലും മറ്റും കച്ചവടക്കാര്‍ റമ്ബൂട്ടാനില്‍ നിന്ന് പിന്നോട്ടടിച്ചത് സീസണ്‍ അവസാനിക്കാറായതുകൊണ്ടാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Previous Post Next Post
3/TECH/col-right