കിഴക്കോത്ത്:എസ്എസ്എൽസി വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് കാലങ്ങളായി ഗ്രാമപഞ്ചായത്തുകൾ മുഖേന നൽകിയിരുന്ന നീന്തൽ സർട്ടിഫിക്കറ്റ് സ്പോർട്സ് കൗൺസിൽ മുഖേന നൽകാൻ തീരുമാനിച്ചതിൽ ഏറെ പ്രയാസപ്പെട്ട വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രയാസങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടി കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് മെമ്പർ വി പി അഷ്റഫ് കുളത്തിൽ ചാടിയും നീന്തിയും നടത്തിയ വ്യത്യസ്തമായ പ്രതിഷേധം ശ്രദ്ധേയമായി.
ഓരോ ഗ്രാമപഞ്ചായത്തുകളും വഴി നൽകിയിരുന്ന നീന്തൽ സർട്ടിഫിക്കറ്റ് സ്പോർട്സ് കൗൺസിൽ എത്തി നീന്തി കാണിക്കണമെന്നും പണം അടച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങണമെന്നും ഉത്തരവ് വന്നതോടെ ആശങ്കയിലായത് പ്രധാനമായും പെൺകുട്ടികളായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന വിദ്യാർഥികളെ ഒരു സിമ്മിങ് പൂളിൽ നിന്നാണ് നീന്തിച്ചത്.കൊവിഡ് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കോവിഡ് വർദ്ധിക്കാൻ കാരണമാകും എന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
രാവിലെ മുതൽ വൈകുന്നേരം വരെ നിന്ന് ഭക്ഷണം പോലും ലഭിക്കാതെ വിദ്യാർഥികളും രക്ഷിതാക്കളും പ്രയാസപ്പെടുന്ന അവസ്ഥയുമുണ്ടായി.കോവിഡ് മഹാമാരി കൊണ്ട് ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന കുടുംബങ്ങൾക്ക് ഇരട്ടി പ്രഹരം ഏൽപ്പിക്കുന്ന വിധത്തിലാണ് വിദ്യാഭ്യാസവകുപ്പ് നീന്തൽ സർട്ടിഫിക്കറ്റ് സ്പോർട്സ് കൗൺസിലിൽ നിന്ന് തന്നെ കൈപ്പറ്റണമെന്ന ഉത്തരവിലൂടെ സാധ്യമായത്.
ഈ വിഷയങ്ങൾ എല്ലാം ഉന്നയിച്ചാണ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ വി പി അഷ്റഫ് വ്യത്യസ്തമായ സമരവുമായി രംഗത്തു വന്നത്.സാധാരണക്കാരെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുന്ന വാർഡ് മെമ്പർ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രിയങ്കരനാണ്.
പരിപാടി മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പതിനഞ്ചാം വാർഡ് മെമ്പർ വഹീദ കയ്യലശ്ശേരി അധ്യക്ഷത വഹിച്ചു. ഉമ്മർ കണ്ടിയിൽ, വേലായുധൻ കാവിൽ, അബ്ദുറഹ്മാൻ ഹാജിമഠപാട്ടിൽ, രാധാകൃഷ്ണൻ, അബൂബക്കർ പടിഞ്ഞാറ്റൻകണ്ടിയിൽ, റഫീഖ് ഒഴലക്കുന്ന്, ഫാറൂഖ് ആർ കെ, റാഷിദ്, അസ്ലം കെ, ജംഷിദ് പി,യാസർ അലി തുടങ്ങിയവർ സംസാരിച്ചു.
0 Comments