കോഴിക്കോട് :കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിൽപ്പെട്ട മുഖ്യപ്രതിയടക്കം മൂന്ന് പേർ പിടിയിൽ. കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ് (40), സ്വർണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ റസൂഫിയാന്റെ സഹോദരൻ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയിൽ ജസീർ (31 ), ഇവർക്ക് ഒളിവിൽ കഴിയാനും ഡൽഹിയിലെ രഹസ്യസങ്കേതത്തിലേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുൽ സലീം(45 )എന്നിവരെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്പി കെ .അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികൾ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം അവിടെ എത്തുകയും ഗോവൻ പോലീസിന്റെ സഹായത്തോടെ പിന്തുടരുകയും ചെയ്തെങ്കിലും കർണാടകയിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് കർണാടക പോലീസിന്റെ സഹായത്തോടെ ബൽഗാമിൽനിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് രാവിലെയാണ് കൊണ്ടോട്ടിയിൽ എത്തിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആപ്പുവിനും സംഘത്തിനും എതിരെ കൊലപാതകശ്രമം അടക്കം നിരവധി കേസുകൾ നിലവിലുണ്ട്.
കൊടുവള്ളിയിലും ബെംഗളൂരുവിലും വയനാട്ടിലെ ചില റിസോർട്ടുകളിലും ഇവർക്ക് തട്ടിക്കൊണ്ടുപോകുന്ന വരെ ദിവസങ്ങളോളം പാർപ്പിച്ചു ക്രൂരമായി മർദിക്കുന്നതിനുള്ള സങ്കേതങ്ങൾ ഉള്ളതായി ചോദ്യംചെയ്യലിൽ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് രക്ഷപ്പെടുന്നതിന് ട്രയിൻ, വിമാന ടിക്കറ്റുകൾ എടുത്തു നൽകിയവരും ഇവർക്ക് ഉപയോഗിക്കാൻ വ്യാജ സിംകാർഡുകൾ എടുത്തു നൽകിയവരും ഒളിവിൽ കഴിയാൻ ഒത്താശ ചെയ്ത റിസോർട്ട് നടത്തിപ്പുകാരേയും സാമ്പത്തികമായി സഹായിച്ചവരേയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇവർക്കെതിരേയും നിയമനടപടികൾ എടുക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഘം.
ജൂൺ 21-ന് പെരുച്ചാഴി ആപ്പു ‘ഉൾപ്പെട്ട സംഘം കരിപ്പൂരിൽ എത്തിയത് വ്യാജ നമ്പർ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് സംഘമെത്തിയത്. അർജുൻ ആയങ്കിയും സംഘവും വന്ന വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇവരുടെ സംഘമായിരുന്നു. ആയുധങ്ങളും വാഹനവും കണ്ടെത്തുന്നതിന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഒരേസമയം സ്വർണക്കടത്തുകാരൻ ആയും സ്വർണകവർച്ചക്കാരൻ ആയും ഹവാല പണം ഇടപാടുകാരൻ ആയും അത് കവർച്ച ചെയ്യുന്നവനായും പോലീസിന് തലവേദനയായിരുന്ന ആപ്പുവിനെ പിടികൂടിയത് വലിയ നേട്ടമായിട്ടാണ് പോലീസ് കരുതുന്നത്.
ആപ്പുവിന്റെ വീടിനു ചുറ്റും സിസിടിവി ക്യാമറകളടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ പോലീസ് അന്വേഷിച്ചു ചെല്ലുമ്പോൾ തന്നെ ഒളിസങ്കേതത്തിൽ ഇരുന്ന് മൊബൈലിൽ പോലീസിന്റെ നീക്കങ്ങൾ കാണത്തക്ക രീതിയിൽ ആണ് ആണ് സിസിടിവി സജ്ജീകരിച്ചിട്ടുള്ളത്. ഇയാളെ അന്വേഷിച്ച് വീട്ടിൽ ചെന്ന കാരണത്താൽ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സംഘത്തിൽ പെട്ട ഉദ്യോഗസ്ഥരുടെ വീട്ടുകാരെ തട്ടിക്കൊണ്ടു പോകുമെന്നും ആക്രമിക്കുമെന്നും മേലാൽ പിറകെ വന്നാൽ വിവരമറിയും എന്നുമടക്കമുള്ള ഭീഷണിയുണ്ട്. ഇതിൽ പോലീസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
ഒളിവിൽ കഴിയുമ്പോൾ ഇവർ ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ച് പോലീസിനെ വെല്ലുവിളിച്ച് കഴിയുകയായിരുന്നു. പ്രതികളിൽ നിന്ന് വിലകൂടിയ ഐ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പലരുടെയും കൈയിൽ നിന്ന് നിരവധി സിംകാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പിടികൂടിയത്. ഈ കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വോഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് മറ്റു സംസ്ഥാനങ്ങളിലാണ് ഉള്ളത്. ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനു മായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി. അഷറഫ്, പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു , വാഴക്കാട് എസ്.ഐ. നൗഫൽ, ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ, പി.സഞ്ജീവ്, എ.എസ്.ഐ ബിജു സൈബർ സെൽ മലപ്പുറം, കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ് വി.കെ, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ,എസ്.ഐ മാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിലെ ഒരാളായ മുഹമ്മദ് റാഫി പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ അനുമതി ലഭിച്ചത്. സൂഫിയാൻ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഉടൻ കസ്റ്റംസ് ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കോഴിക്കോട് വിമാനത്താവളം വഴി പ്രതികൾ സ്വർണ്ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജൂണിലാണ് കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31) കൊണ്ടോട്ടി സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. മുൻപ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു സൂഫിയാൻ. സ്വർണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സൂഫിയാന്റെ കീഴടങ്ങലിന് മുൻപേ സൂഫിയാന്റെ സഹോദരൻ ഫിജാസ് പിടിയിലായിരുന്നു. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന് പിന്നാലെയായിരുന്നു സൂഫിയാന്റെ കീഴടങ്ങൽ.
കരിപ്പൂർ സ്വർണ്ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് പ്രതി സുഫിയാൻ പറഞ്ഞിരുന്നു. സ്വർണം കൊണ്ടുവന്നത് അർജുൻ ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാൻ കസ്റ്റംസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നിരന്തരമായി അർജുൻ തന്നെയും കൂട്ടരെയും ആക്രമിക്കുന്നു, അതുകൊണ്ടുമാത്രമാണ് വിമാനത്താവളത്തിൽ പോയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ സുഫിയാൻ അറിയിച്ചു. അപകടം നടന്ന ദിവസം പിടികൂടിയത് തന്റെ സ്വർണം അല്ല എന്നും മുൻപ് സ്വർണ്ണം കടത്തിയപ്പോൾ കസ്റ്റംസ് പിടികൂടിയിട്ടുണ്ട് എന്നും സുഫിയാൻ പറഞ്ഞു. സ്വർണ്ണക്കടത്തുകാരെ ആക്രമിച്ച് അർജുൻ സ്വർണ്ണം തട്ടിയിരുന്നു എന്നും സുഫിയാൻ വ്യക്തമാക്കിയിരുന്നു.
0 Comments