Trending

ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണം: സമസ്ത പ്രതിഷേധ സംഗമം നടത്തുമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.

ജുമുഅ, ബലിപെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.

വിശ്വാസികളെ സംബന്ധിച്ച് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം വ്യക്തിപരമായ നിര്‍ബന്ധിത ബാധ്യതയാണ്. അതു നിറവേറ്റപ്പെടണമെന്നുണ്ടെങ്കില്‍ 40 ആളുകള്‍ കൂടിക്കൊണ്ടാവണം. അതിന്റെ അടിസ്ഥാനത്തില്‍ 40 പേരെ വച്ച് ജുമുഅ നടത്താനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതുവരെ അനുകൂലമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു.

സര്‍ക്കാരിനു മുന്നില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടി പ്രതിഷേധ പരിപാടി നടത്താന്‍ സമസ്ത യോഗം തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് ജൂലൈ 15ന് വ്യാഴാഴ്ച 11 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലകളിലെ കലക്‌ട്രേറ്റിനു മുന്നിലും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കു മുന്നിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തീരുമാനിച്ചിട്ടുണ്ട്. അതിനു മുന്‍പായി പള്ളിയില്‍ ജുമുഅ നടത്താനുള്ള സൗകര്യം ചെയ്തുതരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
Previous Post Next Post
3/TECH/col-right