Trending

വനത്തിൽ അതിക്രമിച്ചു കടന്നവർക്കെതിരെ കേസെടുക്കും.

താമരശ്ശേരി: കട്ടിപ്പാറ അമരാട് വനത്തിൽ അതിക്രമിച്ചു കയറുകയും, രാത്രിയിൽ കാടിനുള്ളിൽ അകപ്പെടുകയും ചെയ്ത  കാസർഗോഡ് ബന്ധഡുക്ക ബൈത്തുറഹ്മയിൽ മുഹമ്മദ്, അബു എന്നിവർക്കെതിരെ വനം വകുപ്പ് കേസെടുക്കും.

കട്ടിപ്പാറ ചെമ്പ്രകുണ്ടയിലെ ബന്ധുവീട്ടിൽ എത്തിയ ശേഷം കാടു കാണാനായാണ് അമരാട്ടേക്ക് പുറപ്പെട്ടത്.ശനിയാഴ്ച രാവിലെ വനത്തിൽ പ്രവേശിച്ച ഇവർ വഴിതെറ്റി ഉൾവനത്തിൽ അകപ്പെടുകയായിരുന്നു. വന്യജീവികളുടെ വിഹാര കേന്ദ്രമായ ഭാഗത്ത് പാറക്കെട്ടുകൾക്കിടയിലാണ് രാത്രിയിൽ അഭയം പ്രാപിച്ചത്.

ഇവർ സഞ്ചരിച്ച വാഹനം സന്ധ്യ നേരത്ത് റോഡരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് വനത്തിനുള്ളിൽ ആളുകൾ അകപ്പെട്ട വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചത്.
തുടർന്ന് വനം വകുപ്പ് അധികൃതരും, ദ്രുത കർമ്മ സേനയും, ഫയർഫോഴ്സും,പോലീസും, സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും ശനിയാഴ്ച രാത്രി 7.30 മുതൽ ഇന്നലെ രാവിലെ ഏഴര വരെ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

വനാതിർത്തിയിൽ നിന്നും 16 കിലോമീറ്ററോളം അകലെയായിരുന്നു ഇവർ ഉണ്ടായിരുന്നത്.
രാത്രിയിലെ കനത്ത മഴയും, കാറ്റും, ദുർഗടമായ വഴികളും താണ്ടിയാണ് ഉറക്കമില്ലാതെ രക്ഷാപ്രവർത്തകർ 12 മണിക്കൂറിന് ശേഷം ഇവരെ കണ്ടെത്തിയത്.

നരിക്കുനിയിൽ നിന്നും എത്തിയ ഫയർഫോഴ്സിന് ഒപ്പം റയിഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിജേഷ്, ഫോറസ്റ്റ് വാച്ചർ പ്രസാദ്, ആൻറി പോച്ചിംഗ് വാച്ചർമാരായ രവി.പി കെ, സജി.പി.ആർ, ആർ .ആർ .ടി. എസ് എഫ് ഒ (ഗ്രൈഡ്)കെ.ബാബു, ഷെബീർ ചുങ്കം, അഹമ്മദ് കബീർ എന്നിവരും, പോലീസും,സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും തിരച്ചിലിൽ പങ്കു ചേർന്നു.

അനുമതിയില്ലാതെ വനത്തിലേക്ക് പ്രവേശിച്ചതിന് ഇവർക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.ഒരു രാത്രി മുഴുവനും നാടിനെയാകെ മുൾമുനയിൽ നിർത്തിയതിന് ശേഷമാണ് വനത്തിൽ അകപ്പെട്ടവരെ കണ്ടെത്താനായത്.
 
Previous Post Next Post
3/TECH/col-right