Trending

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉയരുന്നു ആകാശ ഇടനാഴി.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വൈകാതെ മഴയും വെയിലും ഏല്‍ക്കാതെ സഞ്ചരിക്കാം. കാഷ്വാലിറ്റി കോംപ്ലക്സ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എം.സി.എച്ച്‌ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുളള ആകാശ ഇടനാഴി (സ്‌കൈ വാക്ക് )​ നിര്‍മ്മാണം ആരംഭിച്ചു.

ബി.പി.സി.എല്ലും അലൂംമ്നി അസോസിയേഷനും കൈകോര്‍ക്കുന്ന പദ്ധതി 2 കോടി ചെലവിലാണ് ഉയരുന്നത്. തറ നിരപ്പില്‍ നിന്ന് 13 മീറ്റര്‍ ഉയരത്തിലും നാല് മീറ്റര്‍ വീതിയിലുമാണ് ഇടനാഴി നിര്‍മ്മിക്കുന്നത്. കാഷ്വാലിറ്റി കോംപ്ലക്സില്‍ നിന്ന് എന്‍.എം.സി.എച്ചിലെ വാര്‍ഡുകളിലേക്ക് 250 മീറ്ററാണ് ദൂരം. രോഗികളെ കൊണ്ടുപോകാന്‍ ബാറ്ററി കാറുകള്‍ ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലാണ്.

നിര്‍മ്മാണ പദ്ധതിയിലുള്ള ട്രോമാ കെയര്‍ കെട്ടിടം വഴി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തെ ഇടനാഴിയിലൂടെ ബന്ധിപ്പിക്കാനും ആലോചനയുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എന്‍.എം.സി.എച്ചില്‍ നിന്ന് രോഗികളെ വെയിലത്തും മഴയിലും റോഡിലൂടെ സ്‌ട്രച്ചറില്‍ കൊണ്ടുവരുന്ന അവസ്ഥ ഇല്ലാതാവും.

മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണമുള്‍പ്പെടെ നടന്നത്. എന്‍.ഐ.ടി.യിലെ വിദഗ്ധരാണ് രൂപരേഖ തയ്യാറാക്കിയത്.

Previous Post Next Post
3/TECH/col-right