കിഴക്കോത്ത് : പന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ കൊറോണ രോഗ ബാധിതരായ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലേക്ക് അദ്ധ്യാപകരുടെ സഹായഹസ്തമെത്തും.വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ കോറൻ്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ പച്ചക്കറികളും, ഭക്ഷ്യധാന്യങ്ങളും, മറ്റ് അവശ്യവസ്തുക്കളുമടങ്ങിയ കിറ്റ് വീടുകളിൽ എത്തിക്കുകയാണ്.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെയാണ് കിറ്റുകൾ വീടുകളിൽ എത്തിക്കുന്നത്. വാർഡ് ആർ.ആർ.ടി.മാരുടെ സഹായം കിറ്റുകൾ വീടുകളിലെത്തിക്കാൻ ലഭിക്കുന്നുണ്ട്. നിലവിൽ രോഗബാധിതരുള്ള എല്ലാ വീടുകളിലും ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചു കഴിഞ്ഞു. തുടർന്നും ആവശ്യമായി വരുന്ന വീടുകൾക്ക് ഈ കൈതാങ്ങ് ലഭ്യമാക്കുന്നതാണ്.
പ്രിൻസിപ്പൽ എം.സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ കെ.ജി. മനോഹരൻ എന്നിവർ ചേർന്ന് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ ഇന്ദു സനിതിന് കിറ്റുകൾ കൈമാറി. പി.ടി.എ പ്രസിഡൻ്റ് അബ്ദുൽ അസീസ്, അധ്യാപകരായ പി.കെ.ഹരിദാസൻ, അബ്ദുൽ സലാം ആരിഫ്, സി.കെ. മുസ്തഫ, ഹംസ.പി , അബ്ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION