Trending

അന്നം മുട്ടരുത് : ''ഹൃദയപൂർവ്വം'' പദ്ധതിയുമായി മുക്കം ഫയർ ആൻഡ് റെസ്ക്യൂവും,സിവിൽ ഡിഫെൻസ് യൂണിറ്റും.

മുക്കം: കോവിഡ് പ്രതിസന്ധിയിൽ മലയോര ജനതയെ ചേർത്ത് പിടിച്ച് മുക്കം ഫയർ റെസ്ക്യു, സിവിൽ ഡിഫൻസ് അംഗങ്ങൾ. ആരും പട്ടിണിയിലാവരുതെന്ന ലക്ഷ്യം മുൻനിർത്തി ഹൃദയപൂർവ്വം എന്ന പേരിൽ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

മുക്കം അഗ്നിരക്ഷാ നിലയത്തിലെ പരിധിയിൽപ്പെട്ട മുഴുവൻ പഞ്ചായത്തുകളിലും ഭക്ഷണ വിതരണം നടത്തുമെന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു. തെരുവുകളിൽ കഴിയുന്നവർക്കും മുഴുവൻ അംഗങ്ങളും ക്വാറൻ്റൈനിലായ വീടുകളിലുമാണ് ഭക്ഷണം എത്തിച്ചു നൽകുക. സിവിൽ ഡിഫൻസ് അംഗങ്ങൾ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമെന്നാണ് പ്രത്യേകത.മുക്കം നഗരസഭ കൗൺസിലർ പി ജോഷില സ്വന്തം വീട് പാചകത്തിനായി വിട്ടുകൊടുക്കുകയായിരുന്നു.ലോക്ഡൗൺ നിയന്ത്രണം അവസാനിക്കും വരെ ഈ പദ്ധതി തുടരും.

അവശ്യ സർവ്വീസുകൾക്കായി പ്രത്യേക ഹെൽപ്പ്ലൈൻ കൗണ്ടറുകളും നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടാൽ. അവശ്യവസ്തുക്കൾ സിവിൽ ഡിഫൻസ് വളണ്ടിയർമാർ വീടുകളിലെത്തിച്ചു നൽകും. അവശ്യസാധനങ്ങൾക്കും മരുന്നുകൾക്കും മറ്റുമായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സിവിൽ ഡിഫൻസ് വളണ്ടിയർമാർ സേവന സജ്ജരാണെന്നും അത്തരം ആവശ്യങ്ങൾക്കായി ഓരോ പഞ്ചായത്തിലും ഓരോരുത്തർക്ക്  ചുമതല നൽകിയിട്ടുണ്ടെന്നും ഓഫീസർ അറിയിച്ചു.

 ക്വാറന്റൈനിൽ കഴിയുന്ന മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കായി പ്രത്യേക ടെലി കൗൺസിലിങ് പരിപാടിക്കും തുടക്കമിട്ടിട്ടുണ്ട്.

ഹൃദയപൂർവ്വം പദ്ധതിയുടെ ആദ്യദിനത്തിൽ  മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ കെ പി ജയപ്രകാശ്, അസി:സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിൽ, സിവിൽ ഡിഫൻസ്  ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ അഖിൽ ജോസ്, രസ്നാസ്, റൈനീഷ്, മഹമൂദ്,ഇബ്രാഹിം, ആയിഷ, ഉമ്മർ റഫീഖ്, ആബിദ്, സൗഫീഖ്,റംല, നജ്മുദ്ധീൻ,സിനീഷ്,അബ്ദുള്ള,രാജൻ,നവാസ്,അഖിൽ പി എസ്, അനന്തു, പ്രവീൺ, അംജിത്,തുടങ്ങിയവർ നേതൃത്വം നൽകി.
ക്വാറന്റൈനിൽ കഴിയുന്ന സിവിൽ ഡിഫൻസ് പോസ്റ്റ്‌ വാർഡൻ അഷ്‌കർ,അംഗം ഷംസീർ എന്നിവർ ഹെല്പ് ഡസ്ക് കൺട്രോൾ റൂം പ്രവർത്തനം ഏകോപിപ്പിക്കുന്നു.
Previous Post Next Post
3/TECH/col-right