Trending

കരവിരുതില്‍ അലങ്കാര വസ്തുക്കളും,വര്‍ണ്ണ വിസ്മയങ്ങളും ഒരുക്കി ഷമീന

പൂനൂര്‍: കരവിരുതില്‍ അലങ്കാര വസ്തുക്കളും വര്‍ണ്ണ വിസ്മയങ്ങളും ഒരുക്കി ആനന്ദവും വരുമാനവും കണ്ടെത്തുകയാണ് പൂനൂര്‍ സ്വദേശിനി ഷമീന. 24 വര്‍ഷം മുമ്പ് മാതാവ് പകര്‍ന്നു നല്‍കിയ പാഠം ഉള്‍ക്കൊണ്ട ഷമീന നൂറുകണക്കിന് സ്ത്രീകള്‍ക്കാണ് കരകൗശല നിര്‍മാണവും ചിത്ര രചനയും പകര്‍ന്നു നല്‍കിയത്.

വീടു നിറയെ അലങ്കാര വസ്തുക്കളൊരുക്കിയ ഷമീന സ്വകാര്യ സ്‌കൂളിലെ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് അധ്യാപികയാണ്. വിവിധ സ്ഥാപനങ്ങളില്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിച്ചു. ആര്‍ട്ട് ആന്റ് ക്രാഫ്റ്റില്‍ ടി ടി സി യും പൂര്‍ത്തിയാക്കി. ഇരുപത് വര്‍ഷത്തോളമായി ഷമീന കരകൗശല നിര്‍മാണവും മറ്റു ആര്‍ട്ട് വര്‍ക്കുകളും പരിശീലിപ്പിക്കുകയാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉയര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമെല്ലാം ഷമീനയില്‍ നിന്നും ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് പഠിക്കാനെത്തുന്നുണ്ട്. ഷമീനയുടെ കരവിരുതില്‍ വിരിയുന്ന വര്‍ണ്ണ വിസ്മയങ്ങള്‍ എണ്ണമറ്റതാണ്. പുതിയ ആര്‍ട്ടുകള്‍ പഠിച്ചെടുത്ത് മറ്റുള്ളവരിലേക്കെത്തിക്കുകയാണ് ഷമീനയുടെ രീതി.

പൂനൂര്‍ ഇശാഅത് പബ്ലിക് സ്‌കൂളില അധ്യാപികയായ ഷമീന ഒഴിവു സമയങ്ങളില്‍ ഓണ്‍ലൈനിലൂടെയും നേരിട്ടും പരിശീലനം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കിയ നിരവധി പേര്‍ അധ്യാപകരായും കരകൗശല വസ്തുക്കള്‍ നിര്‍മിച്ചും ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നുണ്ട്.

മാതാപിതാക്കള്‍ക്കൊപ്പം മക്കളായ അഷൂര്‍ അബ്ദുള്ളയും ഓഷിനാ അഫ്‌സയും ഷമീനക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. രണ്ട് മക്കളും മാതാവിന്റെ കരവിരുത് പഠിച്ചെടുക്കുകുയും ചെയ്തു. പാഴ് വസ്തുക്കള്‍ ഉപയോഗിച്ചും ഷമീന കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ട്. കരകൗശല നിര്‍മാണത്തില്‍ ഗവേഷണം നടത്തി പുതിയ രീതികള്‍ കണ്ടെത്തി അവ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കാനാണ് ഷമീനയുടെ ശ്രമം.
Previous Post Next Post
3/TECH/col-right