Trending

വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തി വാട്‌സ് ആപ്പ്. 'നിങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്ന് വാട്‌സാപ്പിന്റെ ഉറപ്പ്


ലോകമെങ്ങും നിന്നുള്ള വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സ്വകാര്യതാ നയം മാറ്റം വരുത്താന്‍ വാട്‌സ് ആപ്പ്. 

തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ഉപയോക്താക്കളെ ഔദ്യോഗികമായി സ്റ്റാറ്റസ് വഴി തന്നെ അറിയിച്ചിരിക്കുകയാണ് വാട്‌സ്‌ആപ്പ്.
വാട്‌സ് ആപ്പിന്റേതായ ഒരു സ്റ്റാറ്റസ് കഴിഞ്ഞ കുറച്ചു മണിക്കൂറികള്‍ക്കുള്ളിലാണ് പ്രത്യക്ഷപ്പെട്ടത്. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നാണ് ആദ്യത്തെ സ്റ്റാറ്റസില്‍ പറയുന്നത്. നിങ്ങളുടെ കോണ്‍ടാക്‌ട് ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നാണ് അടുത്തത്. എന്‍ക്രിപ്റ്റഡ് ആയതിനാല്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ ലൊക്കേഷന്‍ അറിയാനോ വാട്‌സ്‌ആപ്പിനാവില്ലെന്നും തുടര്‍ന്നുള്ള സ്റ്റാറ്റസുകളില്‍ പറയുന്നു.
സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെച്ചതായി കഴിഞ്ഞ ദിവസം വാട്‌സ്‌ആപ്പ് അറിയിച്ചിരുന്നു. മേയ് മാസം 15 വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച്‌ ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.
വാട്‌സ്‌ആപ്പ് സ്വകാര്യതാനയം പുതുക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. മാതൃ കമ്ബനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുമെന്നുമായിരുന്നു പുതിയ നയം. ഈ നയം അംഗീകരിച്ചില്ലെങ്കില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാനിവില്ലെന്നും അറിയിച്ചിരുന്നു. ഫേസ്ബുക്കിന് പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിനായിരുന്നു ഈ നീക്കം.
ഇതിന് പിന്നാലെ വാട്‌സ്‌ആപ്പിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വാട്‌സ്‌ആപ്പ് ഉപേക്ഷിച്ച്‌ സ്വാകാര്യതക്ക് വലിയ പ്രാധാന്യം നല്‍കുന്ന സിഗ്‌നലിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ മാറാന്‍ തുടങ്ങിയിരുന്നു. മേഖലയിലെ പ്രമുഖര്‍ വരെ സിഗ്‌നലിലേക്ക് മാറാന്‍ ആഹ്വാനം ചെയ്ത് രംഗത്തെത്തിയതും വാട്‌സ്‌ആപ്പിനെ സമ്മര്‍ദത്തിലാക്കി. തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യക്തിഗത സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളത് തന്നെയാണെന്ന് കഴിഞ്ഞ ദിവസം വാട്‌സ്‌ആപ്പ് അറിയിച്ചിരുന്നു. ഉപയോക്താവിന്റെ ഫോണ്‍ നമ്ബറോ എവിടേക്കെല്ലാം പോകുന്നു എന്നതോ ഉള്ള വിവരങ്ങള്‍ ഫേസ്ബുക്കിനോ മറ്റുള്ളവര്‍ക്കോ മറിച്ചു നല്‍കില്ലെന്ന് വാട്‌സ്‌ആപ്പ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ഉപയോക്താക്കളെ സ്റ്റാറ്റസ് വഴി അറിയിച്ചിരിക്കുകയാണ് വാട്‌സ്‌ആപ്പ് ഇപ്പോള്‍.
Previous Post Next Post
3/TECH/col-right