Trending

കോവിഡ് കാലത്ത് ഈ അധ്യാപകന് ലഭിച്ചത് അഭിമാനകരമായ അവസരങ്ങൾ.

പൂനൂർ: കോവിഡ് കാലത്തെ അടച്ചിടലും തുടർന്ന് വന്ന പ്രതിസന്ധികളുമെല്ലാം പ്രയാസപ്പെടുത്തിയപ്പോഴും പ്രതിസന്ധികളെ അവസരമാക്കുന്നതിൽ വിജയിച്ച അനുഭവമാണ് പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിലെ ജീവശാസ്ത്രം അധ്യാപകനായ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന്റേത്. ഇക്കാലയളവിൽ അഭിമാനകരമായ നേട്ടങ്ങളുള്ള ഒട്ടേറെ അവസരങ്ങളാണ് ഈ അധ്യാപകൻ നേടിയെടുത്തത്.

സ്കൂളിലെ അധ്യാപകരെ ഏകോപിപ്പിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പരിചിതരാക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ശ്രമം. സ്ക്കൂളിലെ മുപ്പത്തിരണ്ട് ഡിവിഷനുകളിലായുള്ള 1250 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഗൂഗിൾ മീറ്റിലൂടെ വേറെ വേറെ യോഗങ്ങൾ വിളിച്ച് ചേർത്ത് ഓൺലൈൻ പ്രോഗ്രാമുകളിൽ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തിയത് കോവിഡ് കാലത്തെ വലിയ വിപ്ലവമായി.

പൊതുവിദ്യാഭ്യാസ ഡയറക്ടറും എസ് സി ഇ ആർ ടി യും ചേർന്ന് സംഘടിപ്പിച്ച വിക്ടേഴ്സ് ഓൺലൈൻ ക്ലാസ്സുകളുടെ വിലയിരുത്തൽ യോഗത്തിൽ ജീവശാസ്ത്ര വിഭാഗത്തെക്കുറിച്ച് വിലയിരുത്തി സംസാരിക്കാനും റിപ്പോർട്ട് തയ്യാറാക്കാനും അവസരവും ലഭിച്ചു. സംസ്ഥാന തലത്തിൽ ഓരോ വിഷയത്തിനും ഓരോ അധ്യാപകനായിരുന്നു സമിതി ഉത്തരവാദിത്തം നൽകിയത്.

ജില്ലാ പഞ്ചായത്ത് നടപ്പിൽ വരുത്തിയ മൂന്ന് സുപ്രധാന പദ്ധതികളിലെ പങ്കാളിത്തമാണ് ഏറെ ശ്രദ്ധേയം. സ്കിൽ ഡെവലപ്മെൻ്റ് പദ്ധതിയിൽ മെൻഡറായി ഇപ്പോഴും തുടരുന്നു. ജില്ലയിലെ ഇരുന്നൂറോളം സ്ക്കൂളുകളിൽ നിന്ന് 12 സ്ക്കൂളുകളെ മാത്രം തെരഞ്ഞെടുത്ത ഈ പദ്ധതിയിൽ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിനും അംഗത്വം ലഭിച്ചിരുന്നു. ജില്ലയിലെ ഹൈസ്ക്കൂൾ അധ്യാപകർക്ക് ഐ ടിയിൽ മുന്നേറ്റത്തിന് വേണ്ടി ജില്ലാ ഭരണ സമിതിയും ഡയറ്റും ചേർന്ന് സംഘടിപ്പിച്ച ഡിജിഫിറ്റ് ഓൺലൈൻ പരിപാടിയിൽ പരിശീലകനായി പങ്കെടുത്തു. എസ് എസ് എൽ സി വിദ്യാർഥികൾക്ക് വേണ്ടി ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി  തയ്യാറാക്കിയ റെസണൻസ് എന്ന മൊഡ്യൂളിൻ്റെ ജീവശാസ്ത്ര വിഭാഗത്തിൽ എഴുത്തുകാരനായും പങ്കെടുത്തു.

സ്കൂളിലെ ക്ലാസ്സുകളും പ്രവർത്തനങ്ങളും പൂർത്തീകരിക്കുന്നതോടൊപ്പം പരിസ്ഥിതി ക്ലബ്ബ്, ഗിഫ്റ്റ്, ശാസ്ത്ര ക്ലബ്ബ് എന്നീ അധിക പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തവും പൂർത്തീകരിച്ചിട്ടുണ്ട്. കാർഷിക പരിസ്ഥിതി ശാസ്ത്ര മേഖലകളിലായി കുട്ടികൾക്ക് വേണ്ടി  നിരവധി വെബിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തു. എൻ ടി എസ് ഇ, എൻ എം എം എസ് ഇ എന്നീ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന പരിപാടികളും ഏകോപിപ്പിക്കുന്നു. നാട്ടിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തിനങ്ങളിലും ഈ കോവിഡ് കാലത്ത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കർഷകരെ പ്രോൽസാഹിപ്പിക്കുന്നതിനായി ഒട്ടേറെ ചെറുകിട കർഷകരെക്കുറിച്ച് യുട്യൂബ് ചാനലിൽ വീഡിയോകളും അവതരിപ്പിച്ചു.
Previous Post Next Post
3/TECH/col-right