Trending

കനിവിന്റെ കരുതലൊരുക്കി ‘ബിരിയാണി ചലഞ്ച് ’

കൊടുവള്ളി: ഇരുവൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന യുവാവിനെ സഹായിക്കാൻ ഒരു നാട് ഒന്നടങ്കം കൈകോർത്തപ്പോൾ അത് കനിവിന്റെ കരുതലായി. സഹായ ഹസ്തത്തിന് വഴിയൊരുക്കിയതാവട്ടെ ബിരിയാണി വിൽപ്പനയും.

കിഴക്കോത്ത് കത്തറമ്മൽ തണ്ണിക്കുണ്ടുങ്ങൽ ടി.കെ. അബ്ദുറഹിമാനെ (ബിച്ചി) സഹായിക്കാനാണ് നാട്ടുകാർ ‘ബിച്ചി ബിരിയാണി ചലഞ്ച്’ ഏറ്റെടുത്തത്. മത, രാഷ്ട്രീയ, സന്നദ്ധസംഘടനകളെല്ലാം പിന്തുണ പ്രഖ്യാപിച്ചതോടെ നാടിന് പുറത്തുനിന്നുവരെ സഹായമെത്തി. ഒരു ബിരിയാണിക്ക് 100 രൂപ എന്ന നിലയിലായിരുന്നു വിൽപ്പന. ബിരിയാണിക്ക് ആവശ്യമായ അരിയും ഇറച്ചിയും ഉൾപ്പെടെയുള്ളവ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി. നാട്ടിൽനിന്നും അയൽനാടുകളിൽനിന്നും ‘ഓർഡർ’ കണ്ടെത്തി.

ഞായറാഴ്ചത്തെ ബിരിയാണി ചലഞ്ചിനായുള്ള പാചക ഒരുക്കം ശനിയാഴ്ച പകൽ തന്നെ തുടങ്ങിയിരുന്നു. വിറകും പാത്രങ്ങളും ഒരുക്കുന്നതും അരി കഴുകുന്നതും മുതൽ പാചകം വരെയുള്ള ഓരോ കാര്യങ്ങൾക്കും വൊളന്റിയർമാർ രംഗത്തെത്തി. ഏതെങ്കിലും പ്ര ത്യേക സേവനം ആവശ്യമായി വരുമ്പോൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഒരുസന്ദേശം അയക്കുമ്പോഴേക്കും ഒട്ടേറെ പേരാണ് ഓടിയെത്തിയത്.

പതിനയ്യായിരത്തോളം ബിരിയാണി പാക്കറ്റുകൾക്കുള്ള ഓർഡറാണ്‌ ലഭിച്ചത്. ഇത് ഓരോ സ്ഥലത്തും എത്തിക്കാൻ വാഹനം വിട്ടുനൽകാനും ഓടിക്കാനും വിതരണം നടത്താനുമായി തയ്യാറുള്ളവരോട് അറിയിക്കാൻ ആവശ്യയപ്പെട്ടപ്പോഴും സഹായഹസ്തവുമായി ഓട്ടോറിക്ഷകളും ബൈക്കും, ഇതിന് പുറമെ ആഡംബര കാറുകൾവരെ എത്തി. ശനിയാഴ്ച രാത്രി മുഴുവൻ ഉറക്കമിളച്ചായിരുന്നു പാചകം. ‘ഡെലിവറി’ക്കായി വാഹനങ്ങൾ നിരന്നു. ഓരോ പ്രദേശത്തേക്കുമുള്ള ഓർഡർ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് കത്തറമ്മൽ പ്രദേശത്തുമാത്രമല്ല, സമീപഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും ബിരിയാണിയായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ചപ്പോൾ വയറുമാത്രമല്ല നിറഞ്ഞത്, ദുരിതമനുഭവിക്കുന്ന ഒരാൾക്ക് കൈത്താങ്ങായതിന്റെ നിർവൃതിയിൽ എല്ലാവരുടെയും മനസ്സും നിറഞ്ഞു. ഒരു നാട് ഒന്നടങ്കം കൈകോർത്തതിന്റെ ആത്മസംതൃപ്തി ആയിരുന്നു എല്ലാ മുഖങ്ങളിലും. ഇ.കെ. മുഹമ്മദലി ചെയർമാനും അധ്യാപകനായ എം.ടി. സലീം കൺവീനറുമായ സംഘാടകസമിതി രണ്ടുമാസത്തെ ചിട്ടയായ ഒരുക്കത്തിലൂടെയാണ് ബിരിയാണി ചലഞ്ച് നടത്തിയത്.
Previous Post Next Post
3/TECH/col-right