Trending

പൂനൂരില്‍ ഹോട്ടല്‍ തീവെച്ചു നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

പൂനൂര്‍: ഇരുട്ടിന്റെ മറവില്‍ ഹോട്ടല്‍ തീവെച്ചു നശിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. നരിക്കുനി റോഡില്‍ പ്രവര്‍ത്തിക്കുന്ന പൂനൂര്‍ മക്കാനി ഹോട്ടലിന്റെ മുന്‍വശത്താണ് വെള്ളിയാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. എകരൂല്‍ സ്വദേശി ഷരീഫിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഷട്ടറിന് പുറത്തുള്ള അലമാരകളും സാധനങ്ങളുമാണ് കത്തി നശിച്ചത്.

ഇവിടെ അടുപ്പുകളില്‍ നിന്ന് തീപടരാനോ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയോ ഇല്ലാത്ത ഭാഗമാണെന്നും മനപൂര്‍വ്വം ആരോ തീവെച്ചതാണെന്ന് സംശയിക്കുന്നതായും കടയുടമ പറഞ്ഞു.  വെളിച്ചെണ്ണ, ഓയില്‍, നെയ്യ്, മസാലപൊടികള്‍ അടങ്ങിയ സാധനങ്ങൾ സൂക്ഷിച്ച അലമാരയാണ് കത്തി നശിച്ചത്.

രാത്രി പതിനൊന്നുമണിയോടെ അടച്ച ഹോട്ടല്‍ രാവിലെ ആറുമണിയോടെ തുറക്കാനെത്തിയ ഉടമ തന്നെയാണ് തീ കത്തുന്നത് കണ്ടത്. തീപിടുത്തമുണ്ടായതിന് രണ്ട് മീറ്റര്‍ മാറി ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നുവെങ്കിലും സമയത്ത് കണ്ടതും ഷട്ടറിനുള്ളിലേക്ക് തീ പടരാത്തതുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Previous Post Next Post
3/TECH/col-right