Trending

പൊലീസ് നിയമ ഭേദ​ഗതി അസാധുവായി;പിൻവലിക്കൽ ഓർഡിനൻസിൽ ​ഗവർണർ ഒപ്പിട്ടു.

വിവാദമായ പൊലീസ് നിയമ ഭേദ​ഗതി അസാധുവായി. 118 എ വകുപ്പ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയച്ചത്. അങ്ങനെ സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ ‌പിൻവലിക്കേണ്ടി വന്നു.

വിവിധ വിഭാഗങ്ങളിൽ നിന്ന് നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയർന്നിരുന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നൽകുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നുമുള്ള അഭിപ്രായവും സർക്കാർ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

നിയമ ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കുലറിലൂടെ നിർദേശിച്ചിരുന്നു. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികൾ ലഭിച്ചാൽ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലിൽ നിന്നുള്ള നിർദ്ദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടി പാടുള്ളൂവെന്നും ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകി.

വിവാദമായ പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.നിയമം പരിഷ്കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്‍റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു.
Previous Post Next Post
3/TECH/col-right