Trending

പോലീസ് ആക്ട് 118 എ പിന്‍വലിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തിരുവനന്തപുരം: കേരള പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുകൊണ്ട് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2020ലെ കേരള പൊലീസ് (ഭേദഗതി) പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് എന്ന പേരിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരവും വിദ്വേഷകരവുമായ ഉള്ളടക്കവും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രചാരണം വലിയ തോതില്‍ വര്‍ധിക്കുകയും സമൂഹത്തില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നിയമ ഭേദഗതി. എന്നാല്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഇതു കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നിയമഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും അതു ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായം സര്‍ക്കാര്‍ മുഖവിലക്കെടുത്തു. സമൂഹത്തില്‍ നിന്ന് ഉയരുന്ന അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന രീതി ഇക്കാര്യത്തിലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ്. സംശയങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമഭേദഗതി പിന്‍വലിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. ഇതനുസരിച്ചാണ് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.
Previous Post Next Post
3/TECH/col-right