Trending

എരഞ്ഞോണ - കത്തറമ്മല്‍ പാലത്തിനായി ഇനി എത്ര കാലം കാത്തിരിക്കണം ?

എരഞ്ഞോണ:നാട്‌ ഉടനീളം വികസന മുന്നേറ്റത്തിന്റെ കഥ പറയുമ്പോഴും സര്‍വ്വരാലും അവഗണിക്കപ്പെട്ട ഒരു പ്രദേശത്തിന്റെ സ്വപ്ന പദ്ധതിക്കായുള്ള കാത്തിരിപ്പ് മൂന്ന്‌ പതിറ്റാണ്ട്‌ പിന്നിടുന്നു. കിഴക്കോത്ത്‌ ഗ്രാമപഞ്ചായത്തിലെ കത്തറമ്മൽ(വലിയപറമ്പ്) നാലാം വാര്‍ഡിനെയും കൊടുവള്ളി മുനിസിപ്പാലിറ്റി മുപ്പത്തിയാറാം ഡിവിഷന്‍ എരഞ്ഞോണ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന നടപ്പാലം വിപുലീകരിക്കുക എന്ന ആവശ്യം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്നേ വരെ ചെവികൊണ്ടിട്ടില്ല.

എരഞ്ഞോണക്കാര്‍ വിദ്യാഭ്യാ സ-വ്യാപാര മറ്റു പൊതു ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന അങ്ങാടിയാണ് കത്തറമ്മല്‍. എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗോര്‍ഡന്‍ ഹില്‍സ്‌ കോളജ്‌, വലിയപറമ്പ് എ.എം.യു.പി സ്‌കൂള്‍, ഹിദായത്തു സിബിയാന്‍ ഹയര്‍ സെക്കന്‍ഡറി മദ്റസ, കാരക്കാട്‌ മഖാം എന്നിവിടങ്ങളിലേക്കുള്ള എളുപ്പ മാര്‍ഗമാണ്‌ പ്രസ്തുത പാലം. 
 
പൂനൂര്‍ പുഴക്ക് കുറുകെ 30 മീറ്റര്‍ നീളത്തില്‍ അനുയോജ്യമായ രീതിയില്‍ പാലം നിര്‍മിച്ചാല്‍ യാത്രാ ക്ലേശത്തിനു പരിഹാരമാകും. നിലവില്‍ നാല്‌ കിലോ മീറ്റര്‍ വാവാട്‌ അങ്ങാടിയിലൂടെ ചുറ്റി സഞ്ചരിച്ചാണ്‌ കത്തറമ്മലിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ഥികളും മറ്റുളളവരും എത്തുന്നത്‌. 

1990ല്‍ മുസ്ലിം ലീഗ്‌ നേതാ വും രാജ്യസഭാ അംഗവുമായിരുന്ന ബി.വി അബ്ദുല്ലക്കോയ അനുവദിച്ച ഏഴ്‌ലക്ഷം രൂപ വിനിയോഗിച്ചാണ്‌ 30 മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ വീതിയുമുള്ള നിലവിലെ നടപ്പാലം നിര്‍മിച്ചത്‌. വി.എം ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ ആയിരുന്ന 2015ല്‍ ഒരു കോടി എൺപത്‌ ലക്ഷം വകയിരുത്തിയിരുന്നെങ്കിലും നിര്‍മാണ പ്രവൃത്തിക്കായുള്ള തുടര്‍ നടപടികളുണ്ടായില്ല.പുഴയുടെ ഇരുഭാഗത്തു മുള്ളവര്‍ ഭൂമി സജന്യമായി വിട്ടുതരികയാണെങ്കില്‍ പദ്ധതി എളുപ്പമായി  നടപ്പിലാക്കാന്‍ കഴിയുമെന്നും അല്ലെങ്കില്‍ കൂടുതല്‍ കാലതാമസം വരുമെന്നാണ്‌ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ പ്രതികരണം.

മൂന്ന് പതിറ്റാണ്ടായി ഒരു പ്രദേശത്തെ സ്വപ്നമായ പദ്ധതിയായി ഇന്നും നാട്ടുകാര്‍ കാണുന്ന പാലം നിര്‍മാണത്തിനായി കക്ഷി -രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊടുവള്ളി മുനിസിപ്പല്‍-കിഴക്കോത്ത്‌ ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കണം എന്ന ആവശ്യം ശക്തമാണ്‌.രാഷ്ട്രീയ പാര്‍ട്ടികളും ഇരുഭാഗത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും  ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കാത്തത്  കാരണമാണ്‌ പാലം നിര്‍മാണം മുടങ്ങുന്നതെന്നാണ് നേരത്തെ രൂപീകരിച്ചിരുന്ന നിര്‍മാണ കമ്മിറ്റി കണ്‍വീനറും പൊതുപ്രവര്‍ത്തകനുമായആലപ്പുറായില്‍ ഹുസൈന്‍ ഹാജിയുടെ പ്രതികരണം. ഒരു നാടിന്റെ മുഖ്യ ആവശ്യമായ പാലം നിര്‍മാണവുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന്‌ 
ഇദ്ദേഹം ആവശ്യപ്പെടുന്നു.


Previous Post Next Post
3/TECH/col-right