മഞ്ചേരി: ഉമ്മവെച്ച് താലോലിക്കേണ്ട കുരുന്നുകളുടെ ജീവനറ്റ ശരീരവും കൈയ്യിലേന്തി ഖബറിനരികില്‍ ശരീഫ് നിന്നു. അവസാനമായി മൂന്ന് പിടി മണ്ണ് വാരിയിട്ട് പ്രാര്‍ഥനാനിരതനായ ആ പിതാവിനെ കണ്ടുനില്‍ക്കാനാവാതെ കൂടെയുണ്ടായിരുന്നവരുടെ ഹൃദയം നുറുങ്ങി.
ചികിത്സിക്കാന്‍ ആശുപത്രികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മരിച്ച കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി മുഹമ്മദ് ഷരീഫ്-ഷഹ്ല തസ്നി ദമ്ബതികളുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ക്കാണ് വേദനയോടെ വിടനല്‍കിയത്. ഞായറാഴ്ച ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. മെഡിക്കല്‍ കോളജില്‍നിന്ന് മൃതദേഹം ഉച്ചയോടെ കിഴിശ്ശേരി തവനൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ആദ്യത്തെ കണ്‍മണികളെ താലോലിക്കാന്‍ കാത്തിരുന്നവന്‍ അവരുടെ ഖബറിനരികില്‍ നില്‍ക്കുന്ന കാഴ്ച കണ്ടവരുടെയൊക്കെ കണ്ണുനിറച്ചു.
അധികൃതരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. അതുകൊണ്ട് തന്നെയാണ് 'എെന്റ മക്കളെ കൊന്നതാണെന്ന്' ആ പിതാവിന് ഉറക്കെ വിളിച്ചുപറയേണ്ടി വന്നതും. ശനിയാഴ്ച പുലര്‍ച്ച നാലിന് മഞ്ചേരി മെഡിക്കല്‍ േകാളജിലാണ് ഇവര്‍ ആദ്യം ചികിത്സ തേടിയെത്തിയത്. എന്നാല്‍, മെഡിക്കല്‍ േകാളജ് കോവിഡ് ആശുപത്രിയാണെന്നും യുവതി കോവിഡ് നെഗറ്റിവ് ആയതിനാല്‍ മറ്റ് ആശുപത്രികളെ സമീപിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
ഇതോടെ മറ്റ് ആശുപത്രികളെ സമീപിച്ചെങ്കിലും ചികിത്സക്ക് ആന്‍റിജന്‍ ഫലം പോരെന്നും ആര്‍.ടി.പി.സി.ആര്‍ ഫലം തന്നെ വേണമെന്നും ഇവര്‍ നിര്‍ബന്ധം പിടിച്ചു.
ഇതോടെ 14 മണിക്കൂറാണ് യുവതിയും കുടുംബവും ചികിത്സ തേടി ആശുപത്രികള്‍ കയറിയിറങ്ങിയത്. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പ് നിലച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
അമിത രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മാതാവിനെ ഐ.സി.യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Tags:
KERALA