ഇന്നലെ കാലത്ത് വീട്ടിലെത്തിയ അതിഥിയെക്കണ്ട് ഞാനൊരു നിമിഷം അന്ധാളിച്ച് നിന്ന് പോയി. എളേറ്റിലെ സാത്വികനും എല്ലാവരും മാഷ് എന്ന് വിളിക്കുന്ന ആദരണീയനുമായ പി.പി.ഉസ്മാൻ മാഷ് കോലായിൽ നിൽക്കുന്നു. കൂടെ സഹായികളായി മകൻ സിദ്ധീഖും മകനെ പോലെ സ്നേഹിക്കുന്ന ഷമീറുമുണ്ട്. അദ്ദേഹം എന്റെ പിതാവിന്റെ സുഹൃത്താണ്.
മങ്ങാട്ട് സ്കൂളിൽ എന്റെ സഹപ്രവർത്തകനും ഹെഡ്മാഷുമായിരുന്ന മരക്കാർ മാഷിന്റെ ജ്യേഷ്ഠൻ. (അന്നെന്റെ പ്രായം 21 വയസ്സ് ) എന്റെ സുഹൃത്തും മാപ്പിളപ്പാട്ടിന്റെ കുലപതിയുമായ ഫൈസൽ എളേറ്റിന്റെ പിതാവ്.
81 വയസ്സായ മാഷിനോട് ഞാൻ പറഞ്ഞു. മാഷേ! ഒന്ന് വിളിച്ചറിയിച്ചാൽ ഞാനങ്ങോട്ട് വരുമായിരുന്നല്ലോ.
അദ്ദേഹം പറഞ്ഞു. നേരിൽ കാണാനാഗ്രഹിച്ചു, പോന്നു. അത്ര തന്നെ. കുറെ നേരം സംസാരിച്ചു. അദ്ദേഹം മടവൂരിലെ സമകാലികരായ കുറെ അദ്ധ്യാപകരെ ഓർത്തെടുത്തു. എന്റെ വാപ്പ അബൂബക്കർ മാഷ്, പാച്ചേരി മൊയ്തീൻ മാഷ്, പാണച്ചാലിൽ അയമ്മോട്ടി മാഷ്, പാലക്കുഴിയിൽ ഹസ്സൻ മൊല്ല, കിഴക്കെയിൽ ആലിഹാജി, മാന്തോട്ടത്തിൽ അബ്ദുല്ല മാഷ് തുടങ്ങിയവരെക്കുറിച്ചെല്ലാം പറഞ്ഞു. കൂട്ടത്തിൽ പി.പി.അബ്ദുറഹ്മാൻ മാസ്റ്ററെയും അനുസ്മരിച്ചു. അന്ന് മുസ്ലിം അദ്ധ്യാപകർ കുറവായതിനാൽ ഉള്ളവർ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു വത്രെ. അവരാരും ഇന്നില്ല. അല്ലാഹു അവർക്ക് മഗ്ഫിറത്ത് നൽകട്ടെ.
പാലത്ത് അബ്ദുറഹ്മാൻ കുട്ടി മാഷ്, എളേറ്റിൽ അബ്ദു റഹ്മാൻ കുട്ടി മാഷ്, മലയിൽ മുഹമ്മദ് മാഷ്, മടവൂർ തുടങ്ങിയവരുടെ വിവരങ്ങളും അദ്ദേഹം പങ്ക് വെച്ചു. എല്ലാവർക്കും നല്ല അനുഭവങ്ങൾ മാത്രം നൽകുന്ന ആ ഗുരുവര്യൻ ഇന്നും അനാഥരുടെയും അഗതികളുടെയും വലിയൊരു ആശ്രയം തന്നെയാണ്. ഈ പ്രായത്തിലും സമയമുള്ളപ്പോഴെല്ലാം വാദിഹുസ്നയിൽ ചെന്നിരുന്ന് അശരണർക്ക് ആശ്വാസം നൽകാൻ അദ്ദേഹം പരിശ്രമിക്കുന്നുണ്ട്. അവിടെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലെങ്കിൽ ഖുർആൻ ഓതിയിരിക്കുന്ന ശീലം ഞാൻ നേരിട്ട് കണ്ടതാണ്.
ആരുമില്ലാത്ത ഒരു അനാഥ യുവാവിന്ന് ഒരു കിടപ്പാടം നിർമ്മിക്കാനുള്ള പരിശ്രമം തുടങ്ങിയിട്ടുണ്ടെന്നും അതിന്ന് സഹായിക്കണമെന്നും കൂട്ടത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. സമപ്രായക്കാരെല്ലാം പോയെങ്കിലും മാഷ് സേവന രംഗത്ത് സജീവമായി യുവത്വത്തോടെ ഇപ്പോഴും രംഗത്തുണ്ട്. അല്ലാഹു തനിക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ടെന്നും അതിന്ന് വേണ്ടത്ര ശുക്ർ ചെയ്യാൻ കഴിയാനും ഈമാനോട് കൂടി മരിക്കാനും തൗഫീഖുണ്ടാവാൻ വേണ്ടി ദുആ ചെയ്യണമെന്നും പറഞ്ഞ് കൊണ്ടാണദ്ദേഹം ഇറങ്ങിയത്.
അല്ലാഹു അദ്ദേഹത്തെയും നമ്മെയും കുടുംബത്തെയും അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ
Tags:
ELETTIL NEWS