Trending

താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി കാലം ചെയ്തു

കോഴിക്കോട്: താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി (87)അന്തരിച്ചു. ഹൃദയാഘത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

13 വർഷത്തോളം താമരശ്ശേരി രൂപത അധ്യക്ഷനായിരുന്നു. 1997 ലാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി ചുമതലയേൽക്കുന്നത്. 2010 ൽ സ്ഥാനം ഒഴിഞ്ഞു. കഴിഞ്ഞ 10 വർഷമായി വിശ്രമ ജീവിതം നയച്ചുവരുകയായിരുന്നു.

താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നു മാർ പോൾ ചിറ്റിലപ്പിള്ളി. സിപിഎം എംഎൽഎയായ മത്തായി ചാക്കോ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ ചിറ്റിലപ്പിള്ളിയെ പിണറായി വിജയൻ നികൃഷ്ട ജീവിയെന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി ചുമ്മാർ-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി 7നായിരുന്നു മാർ പോൾ ചിറ്റിലപ്പിള്ളിയുടെ ജനനം. 1951 ൽ മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസ്സായി. തേവര എസ്.എച്ച് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസ്സായ ശേഷം 1953 ൽ സെമിനാരിയിൽ ചേർന്നു.1958 ൽ മംഗലപ്പുഴ മേജർ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉർബൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു.

1961 ഒക്ടോബർ 18ന് മാർ മാത്യു കാവുകാട്ടിൽ നിന്നു റോമിൽ വച്ച് പൗരഹിത്യം സ്വീകരിച്ചു. തുടർന്ന് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1966 ൽ തിരിച്ചെത്തി ആളൂർ, വെള്ളാച്ചിറ എന്നീ ഇടവകകളിൽ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂർ മേജർ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1971 ൽ കുണ്ടുകുളം പിതാവിന്റെ ചാൻസലറായി നിയമിക്കപ്പെട്ടു. 1978 മുതൽ 88 വരെ തൃശൂർ അതിരൂപതയുടെ വികാരി ജനറാൾ ആയിരുന്നു. 1988 ൽ സീറോ-മലബാർ വിശ്വാസികൾക്കുവേണ്ടി കല്യാൺ രൂപത സ്ഥാപിതമായപ്പോൾ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വർഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു. പിന്നീടാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റത്.
മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിൻറെ ഭൗതിക ശരീരം 06-09-2020 ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിച്ച്, 07-09-2020 ന് രാവിലെ 8.30 ന് താമരശ്ശേരി ബിഷപ്സ്‌ ഹൗസിൽ വച്ചുള്ള പ്രാർത്ഥനക്ക് ശേഷം ഭൗതികശരീരം താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. ചൊവ്വാഴ്ച (08/09/2020) രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
Previous Post Next Post
3/TECH/col-right