എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ (എളേറ്റിൽ ഈസ്റ്റ്) ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ 24 വയസ്സുകാരന് ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഇദ്ദേഹത്തെ NIT FLT സെന്ററിലേക്ക് മാറ്റി.
അതേ സമയം കഴിഞ്ഞ ദിവസം പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രണ്ട് രോഗികളുടെ സമ്പർക്കത്തിൽ പെട്ടവർക്കും, ക്വാറന്റൈനിൽ കഴിയുന്നവരുമായ 43 പേർക് കിഴക്കോത്ത് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം നടത്തിയ ആന്റിജൻ പരിശോധനയിൽ മുഴുവൻ പേരുടെയും ഫലം നെഗറ്റീവായി.
കിഴക്കോത്ത് പഞ്ചായത്തിന്റെ അതിർത്തി പ്രദേശത്ത് നരിക്കുനി പഞ്ചായത്തിലെ രണ്ടാം വാർഡിൽ വിദേശത്തു നിന്നും വന്ന 31 വയസ്സുകാരനും കോവിഡ് സ്ഥിരീകരിച്ചു.ഇദ്ദേഹത്തിന്റെ 28 ദിവസത്തെ ക്വാറന്റൈൻ ഇന്ന് കഴിയാനിരിക്കെ സ്വമേധയാ നരിക്കുനി CHC യിൽ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയനാവുകയായിരുന്നു.ഇദ്ദേഹത്തെ കൊടുവള്ളി KMO FLT സെന്ററിലേക്ക് മാറ്റി.
കിഴക്കോത്ത് പഞ്ചായത്തിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിനാൽ ജാഗ്രതയുടെ കാര്യത്തിൽ ഒട്ടും കുറവ് വരുത്തരുതെന്നും,വിവാഹ - മരണാനന്തര ചടങ്ങുകൾ കർശനമായി നിയന്ത്രണം പാലിക്കണമെന്നും,ഇതര ജില്ല - സംസ്ഥാനങ്ങളിലേക്ക് പോകുന്നവരും/വരുന്നവരും വാർഡ് RRT യെ നിർബന്ധമായും വിവരം അറിയിക്കണമെന്നും കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.
എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനക്ക് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്തീൻ,ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.