Trending

പുവ്വാട്ടു പറമ്പിലും,നടുവണ്ണൂരിലും ഓണക്കിറ്റിലെ ശർക്കരയിൽ ഹാൻസ് പാക്കറ്റ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് റേഷന്‍ കടകളില്‍ നിന്നും  ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റും. നടുവണ്ണൂരിലും പൂവാട്ടു പറമ്പിലുമാണ് ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ പാക്കറ്റ് ലഭിച്ചത്.സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.

പെരുവയല്‍ പഞ്ചായത്തിലെ 148ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നും ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് കൂടെ പകുതി അലിഞ്ഞ നിലയിൽ പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് കണ്ടത്. പെരുവയല്‍ സ്വദേശി ശ്രീധരന്‍ വാങ്ങിയ കിറ്റ് തുറന്നപ്പോള്‍ പുകയിലയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശര്‍ക്കരയില്‍ പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തിയത്.

നടുവണ്ണൂര്‍ സൗത്തിലെ റേഷന്‍ കടയില്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലും പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തി.നടുവണ്ണൂർ പുത്തലത്ത് അലിയുടെ കുടുംബത്തിന് ലഭിച്ച ഓണക്കിറ്റിലെ ശർക്കര ചൊവ്വാഴ്ച രാവിലെ പലഹാരമുണ്ടാക്കുന്നതിനായി ഉരുക്കിയപ്പോഴാണ് ഹാൻസ് പാക്കറ്റ് ലഭിച്ചത്. ഉള്ളിയേരി മാവേലി സ്റ്റോറില്‍ നിന്നുമാണ് നടുവണ്ണൂരിലെ റേഷന്‍ കടയിലേക്ക് കിറ്റെത്തിച്ചത്.

നടുവണ്ണൂർ ഹെൽത്ത് ഇൻസ്പെക്ടർ ബീന കുര്യൻ ഫുഡ് സേഫ്റ്റി ഓഫീസർക്ക് തുടർനടപടിക്കായി വിവരങ്ങൾ കൈമാറി.ബാക്കിയുള്ള കിറ്റുകള്‍ പിന്‍വലിച്ച് പകരം കിറ്റുകള്‍ എത്തിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

Previous Post Next Post
3/TECH/col-right