Trending

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം; ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഫയർഫോഴ്സ് എത്തി തീ അണച്ചു.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.


ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. കത്തിനശിച്ച ഫയലുകൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

പൊളിറ്റിക്കൽ വിഭാഗത്തിലെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോൾ ഓഫീസറോടാണ്.

പ്രധാനപ്പെട്ട ഫയലുകളൊന്നും നശിച്ചിട്ടില്ല- അഡീഷണൽ സെക്രട്ടറി

പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി പി. ഹണി  പറഞ്ഞു. ഇന്നലെ പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാർ എല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്ക് എത്തിയിരുന്നത്. കമ്പ്യൂട്ടറിൽനിന്നുള്ള ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഉടൻ ഫയർഫോഴ്സിനെ അറിയിക്കുകയും തീ പൂർണമായും അണയ്ക്കുകയും ചെയ്തു.

പ്രധാനമായും വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. നാല് മാസത്തിലധികം മുൻപുള്ള ഫയലുകളാണ് കത്തിനശിച്ചത്. പ്രധാനപ്പെട്ട ഒരു ഫയലും കത്തിനശിച്ചിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളൊന്നും തീപ്പിടിത്തമുണ്ടായ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിലെ അഗ്നിബാധ: നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി

സെക്രട്ടേറിയറ്റിലെഅഗ്നിബാധയെ പറ്റി നിഷ്പക്ഷമായി അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.ഒന്നും മറച്ചുവയ്ക്കാനില്ലായെന്നും രാഷ്ട്രീയക്കാർ സെക്രട്ടറിയേറ്റിൽ സമരവും പ്രതിക്ഷേധവും നടത്തുന്നത് ശരിയല്ലന്നും ചീഫ് സെക്രട്ടറി പറഞ്ഞു.സുപ്രധാന ഫയലുകൾ നശിച്ചിട്ടില്ലെന്നാണ് വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.

തീപ്പിടിത്തം സ്വർണക്കടത്തിലെ തെളിവ് നശിപ്പിക്കാൻ- ചെന്നിത്തല

തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രോട്ടോക്കോൾ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തിൽ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Previous Post Next Post
3/TECH/col-right