Trending

മഴ കനക്കുമ്പോൾ മനസ്സിൽ ആധിയും; അടിയന്തര സാഹചര്യത്തിൽ കൈയിൽ കരുതേണ്ടത്.

​കേരളത്തെ വെള്ളത്തിലാക്കിയ രണ്ട് പ്രളയങ്ങൾ. ഇപ്പോൾ മലയാളികൾക്ക് മഴ എന്ന് കേൾക്കുമ്പോൾ തന്നെ ആധിയാണ്. നിലവിളി ഉണങ്ങും മുമ്പേ മറ്റൊരു മഴക്കാലം കൂടി. ഇത്തവണത്തെ മഴയെ അതീവ ശ്രദ്ധയോടെയാണ് സർക്കാരും ജനങ്ങളും നോക്കിക്കാണുന്നത്. ഇന്നലെ മുതൽ തുടങ്ങിയ കനത്ത മഴയിൽ സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങൾ വെള്ളത്തിലാണ്. പലയിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്. ഇതോടെ കൊവിഡ് ഭീതിക്കൊപ്പം തന്നെ മഴക്കെടുതിയെയും നേരിടേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.
 

മഴ കനക്കുന്നതോടെ പലയിടങ്ങളിലും പലരെയും മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയാണ്. ഇത്തരം സാഹചര്യത്തില്‍ മഴ പെയ്ത് വെള്ളം കയറാൻ സാധ്യതയുള്ളവർ അടിയന്തര സാഹചര്യത്തിലേക്കുള്ള തയാറെടുപ്പ് എന്ന രീതിയിൽ ഒരു കിറ്റ് തയാറാക്കി വയ്ക്കുന്നത് നല്ലതാണ്. കേരള സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ദുരന്തനിവാരണ കിറ്റിൽ എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം.

‣ടോർച്ച്
‣റേഡിയോ
‣500ml വെള്ളം
‣ഒആർഎസ് പായ്ക്കറ്റ്
‣അത്യാവശ്യ മരുന്നുകൾ
‣മുറിവിന് തേക്കുന്ന ഓയിൻമെന്റ്
‣ചെറിയ കുപ്പി ആന്റിസെപ്റ്റിക് ലോഷൻ
‣നൂറ് ഗ്രാം കപ്പലണ്ടി, നൂറ് ഗ്രാം ഈന്തപ്പഴം അല്ലെങ്കിൽ പെട്ടെന്ന് കേടാവാത്ത പായ്ക്കറ്റ് ഭക്ഷണം (റസ്‌ക്ക്, ബിസ്‌ക്റ്റ് പോലുള്ളവ)
‣ചെറിയ കത്തി
‣10 ക്ലോറിൻ ടാബ്ലറ്റുകൾ
‣ഒരു പവർ ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററി
മുഴുവൻ ചാർജുള്ള മൊബൈൽ ഫോൺ
‣പണം, എടിഎം കാർഡ്.

പ്രധാന രേഖകൾ, സ്വർണം മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വെള്ളം കടക്കാത്ത പ്ലാസ്റ്റിക് കവറിൽ കെട്ടിസൂക്ഷിക്കണം. കൊവിഡ് കാലമായതിനാൽ മാസ്കും, സാനിറ്റൈസറും ഒപ്പം കരുതണം.

ജില്ലാ ഭരണകൂടം, റെവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷെറീസ് വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കേണ്ടതും മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ഇടുക്കി, ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകൾ, ജൂലൈ 30 ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും സമീപ ജില്ലകളിലും മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കേണ്ടതാണ്.

അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ

ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കേണ്ടതാണ്.

മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2020 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന  (പേജ് നമ്പർ 58, ഓറഞ്ച് ബുക്ക് 2020) വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവർ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കി ജനങ്ങൾക്ക് 'അനൗൺസ്‌മെന്റ്' വഴി വിവരം നൽകുകയും ജനങ്ങളെ മുൻകരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. അപകട സാഹചര്യത്തിൻറെ ഗൗരവം ഉൾക്കൊണ്ടു കൊണ്ട് പൊതുജനങ്ങളെ മാറിത്തതാമസിക്കാൻ നിർബന്ധിതമായ ഇടപെടൽ ഉണ്ടാകേണ്ടതാണ്.

വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കുകയും മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്.

ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കണം.  

പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ നിയന്ത്രിക്കേണ്ടതാണ്.

ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24*7 മണിക്കൂറും ജാഗരൂകരായി പ്രവർത്തിക്കേണ്ടതാണ്. 

പോലീസും അഗ്നിരക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകൾക്ക് തയ്യാറായി ഇരിക്കാൻ നിർദേശം നൽകേണ്ടതാണ്.

ഫയർ ആൻഡ് റെസ്ക്യൂ സേനയും സിവിൽ ഡിഫെൻസും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായി ഇരിക്കാനുള്ള നിർദേശം നൽകണം. 

കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റേണ്ടതാണ്.

Previous Post Next Post
3/TECH/col-right