Trending

എല്ലാ മരണങ്ങളും "കോവിഡ് മരണങ്ങളല്ല

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മാധ്യമങ്ങൾ കുറേയേറെ 'കോവിഡ് മരണം' റിപ്പോർട്ട് ചെയ്യുന്നത് കണക്കിൽ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നതിനാലാണ് വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു.കോവിഡ് 19 പോസിറ്റീവായ ആൾ മരണമടഞ്ഞാലും എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല.

ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇൻറർനാഷണൽ ഗൈഡ്ലൈൻസ് ഫോർ സർട്ടിഫിക്കേഷൻ ആൻറ് ക്ലാസിഫിക്കേഷൻ (കോഡിങ്) ഓഫ് കോവിഡ്-19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇൻറർനാഷണൽ ഗൈഡ് ലൈൻ അനുസരിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.

ഇതനുസരിച്ച് കോവിഡ് രോഗം മൂർച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്ന കേസുകൾ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയൂ. ഉദാഹരണത്തിന് കോവിഡ് ബാധിച്ച ഒരാൾ മുങ്ങിമരിക്കുകയോ ആത്മഹത്യ ചെയ്യുകയോ അപകടത്തിൽ മരണമടയുകയോ ചെയ്താൽ  കോവിഡ് മരണത്തിൽ ഉൾപ്പെടുത്തില്ല.
മാത്രമല്ല ഗുരുതരമായ അസുഖങ്ങളുള്ള ഒരാൾ ആ അസുഖം മൂർച്ഛിച്ച് മരണമടയുന്നുവെങ്കിൽ പോസിറ്റീവാണെങ്കിൽ പോലും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തില്ല. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമ്പർക്കവ്യാപനം ഒഴിവാക്കുന്നതിന് ശരീരിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, അനാവശ്യമായി പുറത്തിറങ്ങാതിരിക്കൽ മുതലായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.ഇത് നടപ്പാക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കും.

ബക്രീദ് ദിനത്തിൽ പരമാവധി 100 പേർക്കാണ് മുസ്ലിം പള്ളികളിൽ പ്രാർത്ഥന നടത്താൻ അനുമതിയുള്ളത്. നൂറു പേരെ ഉൾക്കൊള്ളാൻ പള്ളികളിൽ സ്ഥലം ഉണ്ടെങ്കിൽ മാത്രമേ അതിന് അനുമതി നൽകൂ. ചെറിയ പള്ളികളിൽ സ്ഥലസൗകര്യമനുസരിച്ച് കുറച്ചുപേർക്കു മാത്രമേ ആരാധന നടത്താൻ അനുവാദം നൽകുകയുള്ളൂ.

കോവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം പകരുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാത്തരം സാമൂഹിക മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പൊലീസിന്റെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിൻറെയും സൈബർഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും. 

വ്യാജവാർത്തകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവയനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right