Trending

ഓണക്കിറ്റ് വിതരണം ബഹിഷ്ക്കരിക്കാന്‍ റേഷന്‍ വ്യാപാരികളുടെ സംഘടന

തിരുവനന്തപുരം:ഓണക്കിറ്റ് വിതരണവുമായി സഹകരിക്കില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടന. ഏപ്രിൽ നൽകിയ കിറ്റിന്റെ കമ്മീഷന്‍ നൽകാത്തതാണ് കാരണം. ഇപോസ് മെഷീനിന്റെ സർവ്വർ തകരാര്‍ പരിഹരിച്ചില്ലെങ്കിൽ കടകൾ അടച്ച് പ്രതിഷേധിക്കുമെന്നും ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചു.


ഏപ്രില്‍ മാസത്തില്‍ കോവിഡ് കിറ്റ് വിതരണം ചെയ്ത വകയില്‍ ലഭിക്കേണ്ടുന്ന വിഹിതം റേഷന്‍ വ്യാപാരികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല, ജൂണ്‍ മാസത്തെ വിഹിതവും മുടങ്ങി. ഈ സാഹചര്യത്തില്‍ സർക്കാർ പ്രഖ്യാപിച്ച ഓണക്കാലത്തെ ഭക്ഷ്യകിറ്റ് വിതരണം ബഹിഷ്‍കരിക്കാനാണ് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‍സ് അസോസിയേഷന്‍ തീരുമാനം.

ഇപോസ് സെര്‍വര്‍ പ്രശ്നം പരിഹരിക്കാത്തത് കോവിഡ് കാലത്ത് റേഷന്‍ കടകളില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇത് രോഗ വ്യാപനത്തിന് വഴിവച്ചേക്കും, നിവവില്‍ ആറ് റേഷൻ വ്യാപരികൾക്ക് കോവിഡ് ബാധിച്ചു. നൂറ്റിയമ്പതോളം വ്യാപാരികൾ നിരീക്ഷണത്തിലാണ്.

ഈ പശ്ചാത്തലത്തില്‍ റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ഏഴ് ജില്ലകളിൽ രാവിലെയും ബാക്കി ജില്ലകളിൽ ഉച്ചക്ക് ശേഷവും അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിലും റേഷൻ വിതരണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. വിരലടയാളം പതിപ്പിച്ച് റേഷന്‍ കൈപ്പറ്റുന്നരീതിയും തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right