Trending

മഴക്കാലം വന്നു, മലയോര ജനതയ്ക്ക് നെഞ്ചിടിപ്പ്,താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ എന്ന ആവശ്യം പരിഗണിക്കണം:വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ്

നിരന്തരം പ്രകൃതിദുരന്തങ്ങളും, റോഡപകടങ്ങളും വേട്ടയാടുന്ന മലയോരമേഖലയുടെ ആസ്ഥാനമായ  താമരശ്ശേരിയില്‍ ഫയര്‍സ്റ്റേഷന്‍ അനുവദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് ചൂണ്ടിക്കാട്ടി. മഴയായും, കാറ്റായും, മണ്ണിടിച്ചിലായും പ്രകൃതി അത്രമേല്‍ ഈ നാടിനെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലെല്ലാം നേരിട്ടിടപെടുകയും, അതിന്റെ ദുരന്തങ്ങള്‍ പേറുകയും ചെയ്യുന്ന ഒരു വിഭാഗമാണ് വ്യാപാരി സമൂഹം. 
ഏതു നിമിഷവും ഉരുള്‍പൊട്ടല്‍ സംഭവിയ്ക്കാന്‍ സാധ്യതയുള്ള ചെങ്കുത്തായ മലനിരകള്‍, കാലവര്‍ഷത്തിലെ  മലവെള്ളപ്പാച്ചിലില്‍ കരകവിഞ്ഞൊഴുകി മനുഷ്യവാസ പ്രദേശങ്ങളെയും വീടുകളെയും വെള്ളത്തിലാഴ്ത്തുന്ന പുഴകള്‍, ദേശീയ പാത 212-യിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍, മാനം ഒന്നിരുണ്ടാല്‍ സര്‍വ്വതും നശിപ്പിക്കാനെത്തുന്ന കാറ്റ്, വെള്ളത്തില്‍ മുങ്ങിമരണം, മരം കടപുഴകി വീഴല്‍ തുടങ്ങി മനുഷ്യജീവന് ഭീഷണിയായ പലതും താമരശ്ശേരിയിലെയും  പരിസരങ്ങളിലെയും ജനജീവിതം ദുസ്സഹമാക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അപകടം പതിയിരിക്കുന്ന ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തേണ്ടണ്ടത്  ഫയര്‍ സര്‍വ്വീസ് പോലുള്ള സേനകളാണ്.

താമരശ്ശേരിയില്‍ ഫയര്‍ സര്‍വ്വീസ് യൂനിറ്റില്ലാത്തത് മലയോര മേഖലയില്‍ അടിക്കടിയുണ്ടാകുന്ന ഓരോ ദുരന്തങ്ങളുടെയും തീവ്രത കൂട്ടിക്കൊണ്ടിരിക്കുന്നു. കരിഞ്ചോലയിലും കണ്ണപ്പന്‍കുണ്ടിലും ഉണ്ടായ ഉരുള്‍പ്പൊട്ടലുകള്‍ ഈ നാട് നേരിടുന്ന ദുരന്തഭീഷണികളുടെ നേര്‍ക്കാഴ്ച്ചകളാണ്.  

കോഴിക്കോടിനും -കല്പറ്റക്കും ഇടക്ക്   78 കിലോമീറ്ററോളം വരുന്ന ദേശീയ പാതയില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി കോഴിക്കോട് നിന്നോ കല്‍പ്പറ്റയില്‍ നിന്നോ വേണം ഫയര്‍ഫോഴ്സ് എത്താന്‍. താമരശ്ശേരി താലൂക്കിന്റെ ആസ്ഥാനവും മലയോരമേഖലയുടെ ബിസിനസ് ഹബ്ബുമായ  താമരശ്ശേരിയില്‍ എത്രയും വേഗം എല്ലാവിധ ആധുനിക സൗകര്യങ്ങളുമടങ്ങിയ ഒരു ഫയര്‍ സ്റ്റേഷന്‍ യൂനിറ്റ് ആരംഭിച്ച് ഈ നാടിന്റെ ആധിയകറ്റണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് അമീര്‍ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു.

Previous Post Next Post
3/TECH/col-right