Trending

പൂനൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർവ്വകക്ഷി തീരുമാനം: ലംഘിക്കുന്നവർക്കെതിരെ നടപടി

പൂനൂർ: കോവിഡ് 19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ പൂനൂരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വ്യാപാരഭവനിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.വൈകിട്ട് 7 മണിക്ക് മുമ്പ് എല്ലാ കടകളും അടക്കണം. ഏഴു മണിക്കു ശേഷം കടകൾ   തുറക്കാനോ ടൗണിൽ അനാവശ്യമായി ആളുകൾ ഇറങ്ങാനോ  അനുവദിക്കില്ല. ഭക്ഷണ സാധനങ്ങൾ പാർസൽ നൽകുന്ന കടകൾ കൃത്യം 8 മണിക്ക് തന്നെ അടക്കണം. നിർദിഷ്ട സമയത്തിനു ശേഷവും  കടകൾ തുറന്നു പ്രവർത്തിച്ചാൽ യാതൊരു മുന്നറിയിപ്പും കൂടാതെ നടപടിയുണ്ടാവും.

സോഷ്യൽ ഡിസ്റ്റൻസിംഗ് എൻഫോഴ്സ്മെൻറ് വളണ്ടിയർമാർ , വാർഡ് ആർ ആർ ടി വളണ്ടിയർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ , റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കടകളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും സാനിറ്റൈസർ നൽകാത്തവർക്കെതിരെയും  മാസ്ക് ശരിയായി ധരിക്കാത്തവർക്കെതിരെയും  നിയമ നടപടിയുണ്ടാവും.ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കുന്നുവെന്ന് ഡ്രൈവർമാർ ഉറപ്പു വരുത്തുകയും സാനിറ്റൈസർ നൽകുകയും വേണം

ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവർ പാർസൽ മാത്രം  നൽകാൻ ശ്രദ്ധിക്കണം. ചായക്കടകൾ, കൂൾബാർ എന്നിവിടങ്ങളിൽ ഇരിക്കാൻ സൗകര്യം ചെയ്താൽ  ടേബിളുകളും ഇരിപ്പിടങ്ങളും നേർപകുതിയാക്കി നിശ്ചിത അകലം പാലിച്ച് ഡിസ്പോസിബിൾ പാത്രങ്ങളിൽ നൽകുകയും വേസ്റ്റുകൾ കാര്യക്ഷമമായി സംസ്കരിക്കുകയും വേണം.തെരുവു കച്ചവടക്കാർക്കും നിയന്ത്രണങ്ങൾ ബാധകമാണ്.

നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഒരു അധ്യാപകന്റെ നേതൃത്വത്തിൽ അഞ്ചംഗ സ്ക്വാഡുകൾക്ക് ചുമതല നൽകി. യോഗം വാർഡ് മെംബർ പി. സാജിദ ഉദ്ഘാടനം ചെയ്തു. 
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഗോപാലൻ അധ്യക്ഷത വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് താര അബ്ദുറഹിമാൻ ഹാജി,  മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ , 
സി.പി കരീം മാസ്റ്റർ,മൊയ്തീൻകുട്ടി ജുഗ് നു, ടി.എം അബ്ദുൽ ഹക്കീം മാസ്റ്റർ, എൻ.കെ മുഹമ്മദ് മാസ്റ്റർ, കെ.അബ്ദുൽ മജീദ്, ഹക്കീം, സിദ്ദീഖ് സ്കൈവേ, എ.വി നാസർ, പി.എച്ച് ഷമീർ, കെ.എ ഹർഷാദ്, കെ. നിസാർ മാസ്റ്റർ, ലത്തീഫ് കക്കാട്ടുമ്മൽ, സുബൈർ താന്നിയുള്ളതിൽ, സി.പി റഷീദ്, അസീസ് മാസ്റ്റർ മൊകായി, ജിനീഷ് പുതിയോട്ടിൽ സംസാരിച്ചു.

Previous Post Next Post
3/TECH/col-right