തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 418 മീറ്റര്‍ ആയതിനെ തുടര്‍ന്നാണ് തീരുമാനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടറാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


424 മീറ്ററാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതിനെ തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പുയര്‍ന്ന് 419.4 മീറ്റര്‍ ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 419.4 മീറ്ററായാല്‍ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടും.

അതേസമയം സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.