Trending

സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനൻ അന്തരിച്ചു

പാനൂർ മേഖലയിലെ പ്രമുഖ സി.പി.എം. നേതാവ് പടിഞ്ഞാറെ കുഞ്ഞിക്കാട്ടിൽ പി.കെ.കുഞ്ഞനന്തൻ (72) അന്തരിച്ചു. ടി.പി.ചന്ദ്ര ശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.കേസിൽ 13-ാം പ്രതിയായിരുന്നു. അസുഖത്തെത്തുടർന്ന് കഴിഞ്ഞവർഷം ജനവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.

വയറ്റിലെ അണുബാധ മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ഐ.സി.യുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദർശിച്ചിരുന്നു.

പാനൂർ മേഖലയിൽ സി.പി.എം. വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ച കുഞ്ഞനന്തൻ സി.പി.എം. ഏരിയാ കമ്മിറ്റി അംഗമാണ്. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ചന്ദ്രശേഖരനെ കൊല ചെയ്ത സംഭവത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സി.പി.എം. നേതൃത്വം സ്വീകരിച്ചത്.

പരേതരായ കേളോത്താന്റവിടെ കണ്ണൻ നായരുടെയും, കുഞ്ഞിക്കാട്ടിൽ കുഞ്ഞാ നമ്മയുടെയും മകനാണ്. കണ്ണങ്കോട് യു.പി.പി സ്കൂളിലെ പഠനത്തിന് ശേഷം അമ്മാവൻ ഗോപാലൻ മാസ്റ്ററുടെ പാത പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. ഇടയ്ക്ക് ബെംഗളുരുവിലേക്ക് പോയെങ്കിലും 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് നാട്ടിലെത്തി. 

പാർട്ടി നിർദേശ പ്രകാരം അടിയന്തരാവസ്ഥയ്ക്കെതിരെ പാറാട് ടൗണിൽ പ്രകടനത്തിന് നേതൃത്വം നൽകിയതിന് കേസിൽ പ്രതിയായി. 15 വർഷത്തോളം കുന്നോത്തുപറമ്പ് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു.കർഷക തൊഴിലാളി യൂണിയൻ ജില്ല കമ്മിററിയംഗമായും പ്രവർത്തിച്ചു.1980 മുതൽ പാനൂർ ഏരിയാ കമ്മിറ്റി അംഗം.

എൽ.ഐ.സി. ഏജന്റായ ശാന്ത (മുൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തംഗം) യാണ് ഭാര്യ. മക്കൾ: ശബ്ന (അധ്യാപിക, ടി.പി. ജി.എം.യു.പി.സ്കൂൾ,കണ്ണങ്കോട്), ഷിറിൽ (ദുബായ്). മരുമക്കൾ: മനോഹരൻ (ഫ്രിലാന്റ് ട്രാവൽ എജന്റ്),നവ്യ (അധ്യാപിക,പാറേമ്മൽ യു.പി.സ്കൂൾ),സഹോദരങ്ങൾ: പി.കെ. നാരായണൻ (റിട്ട:അധ്യാപകൻ, ടി.പി. ജി.എം.യു.പി. സ്കൂൾ,കണ്ണങ്കോട് ) പരേതനായ ബാലൻ നായർ.

Previous Post Next Post
3/TECH/col-right