Trending

രാജ്യംവിടുന്നവര്‍ വിസ പുതുക്കണമെന്ന് യുഎഇ

ദുബയ്: യുഎഇയില്‍ 2020 മാര്‍ച്ച് 1ന് ശേഷം കാലാവധി കഴിഞ്ഞ മുഴുവന്‍ വിസകള്‍ക്കും ഈ വര്‍ഷം അവസാനം വരെ ഓട്ടോമാറ്റിക്കായി കാലാവധി നീട്ടിക്കിട്ടുമെങ്കിലും രാജ്യം വിടുന്നവര്‍ ഇത്തരം വിസകള്‍ പുതുക്കണമെന്ന് അധികൃതര്‍. യുഎഇ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്ന മുഴുവന്‍ യുഎഇ വിസകളും 2020 ഡിസംബർ 31വരെ ഓട്ടോമാറ്റിക്കായി എക്സ്റ്റന്‍ഡ് ചെയ്തിട്ടുണ്ട്. 

എന്നാല്‍, അവര്‍ രാജ്യം വിട്ട് തിരിച്ച് മടങ്ങാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാക്കാമെന്ന് ദുബയിലെ റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ മേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. 


വെക്കേഷനോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താലോ യുഎഇ വിട്ട് തിരിച്ചു വരുമ്പോള്‍ മാതൃരാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ റെസിഡന്‍സി വിസയുടെ കാലാവധി തിയ്യതി ചെക്ക് ചെയ്യും. സ്റ്റിക്കറില്‍ എക്‌സപയറി തിയ്യതി കഴിഞ്ഞതായി കണ്ടാല്‍ വിമാനം കയറുന്നത് തടയാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

മൂന്ന് മാസത്തെ വിസാ കാലാവധി ഇല്ലാത്തവരെ വിദേശരാജ്യങ്ങളിലേക്ക് പോവാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ഓണ്‍ലൈന്‍ വഴിയോ ആമിര്‍ സെന്ററുകള്‍ വഴിയോ മെഡിക്കല്‍ ചെക്കപ്പ് ഇല്ലാതെ വിസ പുതുക്കാവുന്നതാണെന്ന് സാലിം ബിന്‍ അലി പറഞ്ഞു. ഇത് സംബന്ധമായ സംശയങ്ങള്‍ക്ക് 8005111 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.
Previous Post Next Post
3/TECH/col-right