എളേറ്റിൽ:കോവിഡ് 19 മറവില്‍ പോലീസ് കാണിക്കുന്ന രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എ. റസ്സാഖ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. കോവിഡ് നിയമം പാലിച്ചു കൊണ്ട് കട്ടിപ്പാറയില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്ത നിയോജക മണ്ഡലം പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ വി.എം. ഉമ്മര്‍ മാസ്റ്റര്‍ക്കും മറ്റു നേതാക്കള്‍ക്കുമെതിരെ താമരശ്ശേരി പോലീസ് അകാരണമായി കേസെടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

താമരശ്ശേരി പോലീസ് സബ് ഡിവിഷനു കീഴിലുള്ള കൊടുവള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എം.എല്‍.എയും പോലീസ് ഉദ്യോഗസ്ഥരും അടക്കം കോവിഡ് പ്രോട്ടോക്കോളിനു വിരുദ്ധമായി പ്രവര്‍ത്തിച്ച സംഭവമുണ്ടായിട്ടുണ്ട്. പരാതിക്ക് ഇടയാക്കിയ ഇത്തരം സംഭവങ്ങളില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ യു.ഡി.എഫ് പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് കെസെടുക്കുന്ന പ്രവണത ആവര്‍ത്തിക്കപ്പെടുകയാണ്. ഈ അനീതി അംഗീകരിക്കാനാവില്ല. 


ഭരണകൂടത്തിന്റെയും ഇടതുപക്ഷത്തിന്റെയും ചട്ടുകമായി പോലീസ് മാറരുത്. നിസ്പക്ഷ സ്വഭാവം മറന്ന കാഴ്ചയാണ് പോലീസ് സേനയില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പോലീസിന്റെ ഇത്തരം നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും റസ്സാഖ് മാസ്റ്റര്‍ പറഞ്ഞു.