Trending

കോവിഡിൻ്റെ മറവിൽ പോലീസ് രാജ് അനുവദിക്കില്ല:സൈനുൽ ആബിദീൻ തങ്ങൾ

താമരശ്ശേരി:ജനാധിപത്യപരമായി പ്രവർത്തിക്കുകയും കോവിഡ് 19 മഹാമാരിക്കെതിരായി പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്ത് അധികാരികളുടെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ടു പോവുകയും ചെയ്യുന്ന ജനങ്ങളുടെ മേൽ പോലീസ് രാജ് നടപ്പാക്കുന്ന രീതി ഏറെ  പ്രതിഷേധാർഹമാണ്.ഇത്തരത്തിൽ കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് ലീഗ്,എം.എസ്‌.എഫ് നേതാക്കൾക്കെതിരെ ഏകപക്ഷീയമായി  കേസെടുത്ത പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന്   നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ  അപകീർത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ടു പരാതി നൽകാൻ സ്റ്റേഷനിലെത്തിയ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്കും  നഗരസഭാ കൗൺസിലർ ഉൾപ്പടെയുള്ള യൂത്ത് ലീഗ് ഭാരവാഹികൾക്കുമെതിരെ ലോക്ക് ഡൗൺ ലംഘനം ആരോപിച്ച് പോലീസ് കേസെടുത്തിരിക്കുന്നു.  



കഴിഞ്ഞ ദിവസം എം.എസ്‌.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് സമരം ചെയ്ത എം.എസ്‌.എഫ് സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നിയോജക മണ്ഡലം എം.എസ്‌.എഫ് ഭാരവാഹികൾക്കുമെതിരെ കൊടുവള്ളി പോലീസ് കേസെടുത്ത സാഹചര്യമുണ്ടായി.

അതെ സമയം നാട് മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ പോലും രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയും  ഭരണകക്ഷി  എം.എൽ.എ ഉൾപ്പടെ ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചു നടത്തുന്ന പരിപാടികൾക്ക് നേരെ പോലീസ് കണ്ണടക്കുകയാണ്.ഇവർക്കെതിരെ യാതൊരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ല.പക്ഷപാതിത്വപരമായ ഈ ഒരു നടപടി യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല.


എം.എൽ.എ യോടും  ഭരണകക്ഷിയോടും ഒരു സമീപനവും  പ്രതിപക്ഷ സംഘടനാ നേതാക്കൾക്കളോട് മറ്റൊരു സമീപനവുമാണ് പോലീസ് സ്വീകരിക്കുന്നത്.ഇരട്ട നീതിയോടെ ധിക്കാരപരമായ ഈ സമീപനം തുടരാനാണ് കൊടുവള്ളി പോലീസിന്റെ ശ്രമമെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന്  മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും അദ്ദേഹം പ്രസ്താവനയിൽ സൂചിപ്പിച്ചു
Previous Post Next Post
3/TECH/col-right