Latest

6/recent/ticker-posts

Header Ads Widget

പ്രവാസികളേ…നാട്ടിലേക്ക് മടങ്ങും മുമ്പ് ഒന്ന് ചിന്തിക്കുക ; യോജിച്ച തീരുമാനം എടുക്കുക

കഴിഞ്ഞ ദിവസമായിരുന്നു നാട്ടിലെ വാട്സപ് ഗ്രൂപിലെ ചർച്ചക്കിടയിൽ ഒരു സുഹൃത്തിൻ്റെ വോയ്സ് മെസ്സേജ് കേൾക്കാനിടയായത്. റി എൻട്രിയിൽ നാട്ടിലുള്ള, 7000 റിയാലിനടുത്ത് പ്രതിമാസം ശംബളം വാങ്ങിയിരുന്ന അദ്ദേഹത്തിൻ്റെ ഒരു സുഹൃത്ത് ഇപ്പോൾ പിരിച്ച് വിടൽ ഭീഷണിയിലാണത്രെ. അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്ന അവധിയിൽ പോയ മറ്റുള്ളവർക്കെല്ലാം നിലവിൽ പിരിഞ്ഞ് പോകാനുള്ള ഉത്തരവും സർവീസ് ബെനെഫിറ്റ് നാട്ടിലേക്ക് അയച്ച് തരാമെന്നുമുള്ള മെസ്സേജും നൽകിക്കഴിഞ്ഞിട്ടുണ്ട് താനും.


ഇത് ആ ഒരു സുഹൃത്തിൻ്റെ മാത്രം അനുഭവമാകില്ല എന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്. നിലവിൽ ഗൾഫിൽ  ഉള്ളവരിൽ തന്നെ ശംബളം വെട്ടിക്കുറച്ച നിരവധി പേരുണ്ട്. കംബനികൾ പലതും ഈ പ്രതിസന്ധി കാലത്തെ എങ്ങനെയെങ്കിലും മറി കടക്കാൻ വേണ്ടി പരമാവധി ചെലവ് ചുരുക്കലിൻ്റെ പാതയിലാണുള്ളത്. ആവശ്യമെങ്കിൽ കംബനികൾക്ക് തൊഴിൽ സമയം കുറക്കാനും വേതനം കുറക്കാനും അസാധാരണ അവധി നൽകാനും സർക്കാർ അനുമതിയും നൽകിയിട്ടുണ്ട്.

മെയ് 7 മുതൽ നാട്ടിലേക്ക് പറക്കാൻ സജ്ജരാകാൻ ഗൾഫിലുള്ള ഇന്ത്യക്കാരോട് ബന്ധപ്പെട്ടവർ അറിയിച്ച പ്രധാന വാർത്തക്കിടയിലാണല്ലോ നാമിപ്പോഴുള്ളത്. നിരവധി ദിവസങ്ങളായുള്ള പ്രവാസികളുടെ മുറവിളിക്ക് ശേഷമാണു അവസാനം മടക്ക യാത്രക്കുള്ള വഴി തെളിഞ്ഞതും എന്ന് നമുക്കറിയാം.

എന്നാൽ ഈ സന്ദർഭത്തിൽ പ്രവാസികളിൽ ആരൊക്കെ സ്വദേശങ്ങളിലേക്ക് മടങ്ങേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട് എന്നത് ഒരു പ്രധാന ചോദ്യമാണ്. അടിയന്തിര ചികിത്സ ആവശ്യമുള്ളവരും ഗർഭിണികളും ആണ് നാട്ടിലേക്കുള്ള ലിസ്റ്റിൽ മുൻഗണയിൽ ഉള്ളതെങ്കിലും ദിനം പ്രതി കേൾക്കുന്ന വൈറസ് വ്യാപനത്തിൻ്റെ വാർത്തക്കിടയിൽ എങ്ങനെയെങ്കിലും നാട്ടിൽ എത്തിപ്പെട്ടാൽ മതി എന്ന ചിന്താഗതിയിലുള്ള നിരവധി പ്രവാസികളും നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിട്ടുണ്ട് എന്നതാണു വസ്തുത.

ഗർഭിണികൾക്കും അടിയന്തിര ചികിത്സ ആവശ്യമുള്ളവർക്കും പുറമെ ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് റൂമുകളിൽ ഇരിക്കുന്നവരും, വിസിറ്റിംഗ് വിസയിലെത്തി നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചവരും, മറ്റു മാറാ വ്യാധികളോ പ്രയാസപ്പെടുത്തുന്ന അസുഖങ്ങളോ ഉള്ളവരും ഈ അവസ്ഥയിൽ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് മാത്രമാണു ചിന്തിക്കേണ്ടത് എന്നതിൽ രണ്ടഭിപ്രായമില്ല.

അതേ സമയം നിലവിൽ സുരക്ഷിതവും മാന്യവുമായ നല്ല ജോലി സാഹചര്യങ്ങൾ ഉണ്ടായിട്ടും നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് എത്രമാത്രം ശരിയായ ചിന്താഗതിയാണെന്നത് ഈ കുറിപ്പിന്റെ തുടക്കത്തിൽ എഴുതിയ അനുഭവം പരിശോധിച്ച് ഓരോരുത്തരും സ്വയം വിലയിരുത്തേണ്ടതാണ്. അരക്ഷിതാവസ്ഥയിൽ ജോലി ചെയ്യേണ്ടി വരുന്നവരുടെ കാര്യമല്ല പറയുന്നത് എന്ന് പ്രത്യേകം ഓർക്കുക.

നിലവിൽ കംബനികൾ പലതും റി എൻട്രി വിസ വേഗം ഇഷ്യു ചെയ്ത് തന്നേക്കാം. കാരണം പ്രതിസന്ധി സമയത്ത് കംബനികൾക്കും തൊഴിലാളികളെ നാട്ടിലേക്കയക്കുന്നത് അത്രയ്ക്കും ഭാരം കുറക്കുന്ന നടപടിയാണെന്നത് തർക്കമില്ലാത്ത കാര്യമാണല്ലോ. എന്നാൽ ഇങ്ങനെ നാട്ടിലെത്തിയ ശേഷം മടക്ക യാത്ര എത്ര കാലം കഴിഞ്ഞ ശേഷമായിരിക്കും എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഗൾഫിലെ കൊറോണ പ്രതിസന്ധി അവസാനിച്ചാലും ഇന്ത്യയിലെ പ്രതിസന്ധി അവസാനിക്കാതെ ഗൾഫിലേക്ക് രണ്ടാമത് പ്രവേശനം സാധ്യമാകുമോ എന്നതും ഉറപ്പില്ല.

ഇതോടൊപ്പം ഗൾഫിലെ കൊറോണ വ്യാപനം ഉയരുംബോഴും ഇത് അതി വേഗം തന്നെ നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷയിലാണു എല്ലാവരുമുള്ളത് എന്നും ഓർക്കുക.. മെച്ചപ്പെട്ട ചികിത്സ തന്നെയാണു ഗൾഫ് രാജ്യങ്ങളിൽ ലഭ്യമാകുന്നത്. മരണപ്പെട്ടവരിൽ ഭൂരിപക്ഷവും മാറാവ്യാധികളോ ഹാർട്ടറ്റാക്ക് പോലുള്ള മറ്റു അസുഖങ്ങളോ മൂലമാണു മരണപ്പെട്ടത് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാ ഗൾഫ് രാജ്യങ്ങളിലും കൂടിയുള്ള മരണ സംഖ്യ ഇത് വരെയായിട്ടും വളരെ കുറഞ്ഞ് തന്നെ നിൽക്കുന്നത് ലഭ്യമാക്കുന്ന ചികിത്സയുടെ കൂടെ മികവ് കൂടിയാണെന്നത് ഓർക്കുക.

ഏതായാലും കാര്യങ്ങൾ സ്വയം വിലയിരുത്തുക. മടക്കം വൈകിയാൽ പഴയ ജോലി ലഭ്യമാകുമോ എന്ന് ചിന്തിക്കുക. അരക്ഷിതാവസ്ഥയിൽ പിടിച്ച് നിൽക്കുന്നത് ജീവൻ അപകടത്തിലാക്കുമെന്ന ഭയമുണ്ടെങ്കിൽ മടങ്ങുക. കാരണം ഭീതി വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും. എന്നാൽ ഈ സമയവും കഴിഞ്ഞ് പോകും എന്ന ചിന്തയോടെ സുരക്ഷിതമായ രീതിയിൽ ജോലി ചെയ്യാനും മുന്നോട്ട് പോകാനും കഴിയുമെങ്കിൽ നിലവിലെ അവസ്ഥയിൽ മടങ്ങാതിരിക്കുക. കാരണം മുമ്പുണ്ടായിരുന്ന ഗൾഫ് പ്രതിസന്ധികളിലെല്ലാം പിടിച്ച് നിന്നവർക്കാണു നേട്ടം വരിക്കാനായത് എന്നതാണു ചരിത്രം.

Post a Comment

0 Comments